രാഹുല്‍ ഗാന്ധിയെയും അരവിന്ദ് കെജ്രിവാളിനെയും ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു
|കഴിഞ്ഞ നാല് മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍. കഴിഞ്ഞ നാല് മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഒരു റാങ്കിന് ഒരു പെന്ഷന് പദ്ധതി നടപ്പിലാക്കാത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്ത മുന്‍ സൈനികന്റെ കുടുംബത്തെ കാണാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ നടപടി. ഇരുവരെയും കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തില്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധമാണ് ഡല്‍ഹിയില്‍ നടക്കുന്നത്.
ആത്മഹത്യ ചെയ്ത ജവാന്റെ ബന്ധുക്കളെ കാണുന്നതിന് ആര് എം എല്‍ ആശുപത്രിയിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പൊലീസ് പൊലീസ് നേരത്തെ തടഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ചതോടെ രാഹുലിനെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഡല്‍ഹി മന്ദിര്‍ മാര്‍ഗ്ഗ് പൊലീസ് സ്റ്റേഷനിലായിരുന്ന രാഹുലിനെ പൊലീസ് തടഞ്ഞുവെച്ചത്. എഴുപത് മിനിറ്റ് തടഞ്ഞുവെച്ചശേഷം വിട്ടയച്ചു.
സൈനികര്‍ക്കുള്ള വണ്‍റാങ്ക് വണ്‍പെന്‍ഷന്‍ പദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് മുന്‍ കരസേനാംഗം രാംകിഷന് ഗ്രേവാളാണ് സമരവേദിയായ ജന്തര്‍ മന്ദറില്‍ ആത്മഹത്യ ചെയ്തത്. രാംകിഷന് ഗ്രേവാളിന്റെ ബന്ധുക്കളെ കാണാന്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു.ആത്മഹത്യ ചെയ്ത ജവാന്റെ മൂത്ത മകനും പൊലീസ് കസ്റ്റഡിയില്‍
ഹരിയാനയിലെ ഭിവാനി സ്വദേശിയായ രാം കിഷന് ഗ്രേവാളാണ് ഒരു വര്‍ഷത്തിലധികമായി വിമുക്തഭടന്മാരുടെ സമരംനടക്കുന്ന ജന്ദര്‍മന്ദറില്‍ ആത്മഹത്യ ചെയ്തത്. വിഷം കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. അവകാശങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറാവാത്തില്‍ പ്രതിഷേധിച്ച് താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് രാംകിഷന് ഗ്രേവാള്‍ ഫോണില്‍ വിളിച്ച് പറഞ്ഞതായി മകന് മാധ്യമങ്ങളോട് പറഞ്ഞു. മരിക്കുന്നതിന് മുന്‍പ് രാംകിഷന് ഗ്രേവാള്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കറിനും കത്തെഴുതി. മറ്റു സൈനികര്‍ക്കു വേണ്ടിയാണ് താന്‍ അത്മഹത്യ ചെയ്യുന്നതെന്ന് സമീപത്തു നിന്ന് കണ്ടെടുത്ത കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മനോഹര്‍ പരിക്കറിനെ കാണാന്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് രാംകിഷന് ഗ്രേവാള്‍ ആത്മഹത്യ ചെയ്തതെന്ന് ഇതിനിടെ ആരോപണമുയര്‍ന്നു. കൂടിക്കാഴ്ചക്കുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. കിഷന് ഗ്രേവാളിന്റെ ബന്ധുക്കളെ കാണാനെത്തിയ മനീഷ് സിസോദിയയെയും രാഹുല്‍ ഗാന്ധിയെയും ആശുപത്രി കോമ്പൌണ്ടില്‍ പ്രവേശിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. ഇത് ജനാധിപത്യ രീതിയല്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഏതു തരത്തിലുള്ള ഇന്ത്യയാണ് മോദി സര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്ന് രാഹുല്‍ ചോദിച്ചു.
വിമുക്തഭടന്റെ ആത്മഹത്യയില്‍ സര്‍ക്കാരിനെതിരെ രാഷ്ട്രീയ വിമര്‍ശം ഉയരുന്നതിനിടെയാണ് രാഹുലിനെയും സിസോദിയയെയും ആശുപത്രിയില്‍ തടഞ്ഞത്.