രാഹുല്‍ പ്രസംഗിച്ചതിനാല്‍ ഇനി ഭൂകമ്പമുണ്ടാകില്ലെന്ന് മോദി
|അദ്ദേഹം തുറന്ന് സംസാരിച്ചിരുന്നില്ലെങ്കില്‍ ഇവിടെ ഭൂമികുലുക്കമുണ്ടാകുമായിരുന്നു. പത്തു കൊല്ലത്തോളം ഈ ഭൂകമ്പത്തിന്‍റെ കെടുതികള്‍ ജനങ്ങളെ വലയ്ക്കുമായിരുന്നു. അദ്ദേഹം സംസാരിച്ചത് നന്നായി.....
പൊതുവേദികളില്‍ പ്രസംഗിക്കുന്ന രീതി രാഹുല്‍ ഗാന്ധി അഭ്യസിച്ചു വരുന്നതില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരണാസിയില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. രാഹുല്‍ സംസാരിച്ചത് നന്നായെന്നും അതുകൊണ്ട് ഇനിയൊരു ഭൂകമ്പത്തിന് സാധ്യതയില്ലെന്നും മോദി പരിഹസിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ രണ്ട് കോര്‍പ്പറേറ്റുകളില്‍ നിന്നും മോദി കോടി കണക്കിന് രൂപ കൈപ്പറ്റിയതായി രാഹുല്‍ വെളിപ്പെടുത്തിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്.
അവര്‍ക്കൊരു യുവ നേതാവുണ്ട്. അദ്ദേഹമിപ്പോള്‍ സംസാരിക്കാന്‍ പഠിച്ചു തുടങ്ങുകയാണ്. പൊതുവേദികളില്‍ പ്രസംഗിക്കുന്ന വിദ്യ അദ്ദേഹം പഠിക്കാന്‍ തുടങ്ങിയതില്‍ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം തുറന്ന് സംസാരിച്ചിരുന്നില്ലെങ്കില്‍ ഇവിടെ ഭൂമികുലുക്കമുണ്ടാകുമായിരുന്നു. പത്തു കൊല്ലത്തോളം ഈ ഭൂകമ്പത്തിന്‍റെ കെടുതികള്‍ ജനങ്ങളെ വലയ്ക്കുമായിരുന്നു. അദ്ദേഹം സംസാരിച്ചത് നന്നായി, ഭൂമികുലുക്കത്തിനുള്ള സാധ്യത ഇല്ലാതായല്ലോ - മോദി പറഞ്ഞു.
മോദി വ്യക്തിപരമായി അഴിമതി നടത്തിയത് സംബന്ധിച്ച വിവരങ്ങള്‍ തന്‍റെ കൈവശമുണ്ടെന്നും ഇത് പുറത്തുവിട്ടാല്‍ ഭൂകമ്പമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.