India
India

ഉന്നതരെ രക്ഷിക്കാന്‍ രോഹിത് വെമുല്ല പട്ടിക ജാതിക്കാരനല്ലെന്ന് സ്ഥാപിക്കാന്‍ പൊലീസ് ശ്രമം

admin
|
29 May 2018 10:35 PM GMT

.കേന്ദ്രമന്ത്രി ബന്ധാരു ദത്താത്രേയയും ഹൈദരാബാദ് സര്‍വകലാശാല വിസിയും അടക്കമുള്ള ഉന്നതര്‍ക്കെതിരെ സൈബറാബാദ് പൊലീസ് പട്ടികജാതി പീഡന നിരോധന നിയമം ചുമത്തി കേസെടുത്തെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു...

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച ദളിത് വിദ്യാര്‍ഥി രോഹിത് വെമുല്ല പട്ടിക ജാതിയില്‍ പെട്ടതല്ലെന്ന് സ്ഥാപിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. കേന്ദ്രമന്ത്രി ബന്ധാരു ദത്താത്രേയയും ഹൈദരാബാദ് സര്‍വകലാശാല വിസിയും അടക്കമുള്ള ഉന്നതര്‍ക്കെതിരെ സൈബറാബാദ് പൊലീസ് പട്ടികജാതി പീഡന നിരോധന നിയമം ചുമത്തി കേസെടുത്തെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. രോഹിത് പട്ടികജാതി വിഭാഗത്തില്‍ പെട്ടയാളല്ലെന്ന് തെളിയിച്ചാല്‍ ഇവര്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമം ചുമത്താനാകില്ല.

ഹൈദരാബാദ് സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ശാസ്ത്ര ഗവേഷണ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല്ലയുടെ ആത്മഹത്യ വലിയ തോതില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഈ പ്രതിഷേധത്തെ തുടര്‍ന്നാണ് സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര തൊഴില്‍ സഹമന്ത്രി ബണ്ഡാരു ദത്താത്രേയ, ഹൈദരാബാദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അപ്പാ റാവു പോദിലെ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആത്മഹത്യാ പ്രേരണയും പട്ടികജാതി പീഡനവും ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രാദേശിക ബി.ജെ.പി എം.എല്‍.സി എന്‍. രാമചന്ദ്ര റാവു, എ.ബി.വി.പി പ്രവര്‍ത്തകരായ സുശീല്‍ കുമാര്‍, കൃഷ്ണ ചൈതന്യ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ഗവേഷണത്തിന് പട്ടികജാതി വിഭാഗത്തിലല്ല മറിച്ച് മെറിറ്റിലാണ് രോഹിത് വെമുല പ്രവേശനം നേടിയത്. അപേക്ഷാ ഫോമില്‍ പട്ടികജാതി എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും മെറിറ്റില്‍ പ്രവേശനം ലഭിച്ചതിനാല്‍ ജാതി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയിരുന്നില്ല. ഇതാണ് രോഹിത് പട്ടികജാതിയില്‍ പെട്ടയാളാണോ എന്ന സംശയം പ്രകടിപ്പിക്കാന്‍ പൊലീസുകാര്‍ ഉന്നയിക്കുന്ന ഒരു വാദം.

സംസ്‌കാരചടങ്ങിനിടെ രോഹിതിന്റെ പിതാവിന്റെ അടുത്ത ബന്ധു നടത്തിയ പരാമര്‍ശങ്ങളാണ് ഇവരുടെ ജാതിയെക്കുറിച്ച് സംശയങ്ങള്‍ക്ക് കാരണമായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസുകാര്‍ പറയുന്നത്. രോഹിത്തിന്റെ പിതാവ് കല്ല് വെട്ട് തൊഴിലാളികളായ വദേര വിഭാഗത്തില്‍ നിന്നുള്ളയാളാണ്. ആന്ധ്രയിലെ പിന്നോക്ക സമുദായമാണ് ഇതെങ്കിലും പട്ടികജാതി വിഭാഗത്തില്‍ പെടുന്നതല്ല.

അതേസമയം രോഹിതിന്റെ അമ്മ പട്ടിക ജാതിവിഭാഗത്തില്‍ പെട്ടയാളാണ്. അതേസമയം പട്ടികജാതിയാണെന്ന് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടാവുന്ന മാനസികാവസ്ഥയിലായിരുന്നില്ല രോഹിത്തിന്റെ അമ്മയെന്നും അതുകൊണ്ട് അമ്മയില്‍ നിന്നും രേഖകള്‍ ലഭിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതോടെ പ്രദേശത്തെ തഹസില്‍ദാരില്‍ നിന്നും ഇവരുടെ ജാതി തെളിയിക്കുന്ന രേഖ ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്. ഈ തഹസില്‍ദാര്‍ നല്‍കുന്ന രേഖ അടിസ്ഥാനപ്പെടുത്തിയായിരിക്കും കേന്ദ്രമന്ത്രിക്കും വിസിക്കുമെതിരെ പട്ടികജാതി പീഡനനിരോധന വകുപ്പ് ചുമത്തണമോ എന്ന് തീരുമാനിക്കപ്പെടുക.

ഇനി രോഹിത് വെമുല പട്ടികജാതി വിഭാഗത്തില്‍ പെട്ടയാളാണെങ്കില്‍ തന്നെ കേന്ദ്ര മന്ത്രിയും വിസിയും അടക്കമുള്ള ഉന്നതര്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമം ചുമത്താനാവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചന നല്‍കുന്നുണ്ട്. രോഹിതിന്റെ ആത്മഹത്യാ കുറിപ്പില്‍ ഇവരുടെ പേരുകള്‍ ഇല്ലാത്തതിനാല്‍ പ്രഥമദൃഷ്ട്യാ ഇത് നിലനില്‍ക്കില്ലെന്നാണ് വാദം.

ഹൈദരാബാദ് സര്‍വകലാശാലയിലെ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനായിരുന്നു രോഹിത് വെമുല. കോളജിലെ പ്രൊഫസര്‍മാരും വിദ്യാര്‍ഥികളും രോഹിത് പട്ടികജാതി വിഭാഗത്തില്‍ പെട്ടയാളാണെന്ന് ഉറപ്പിച്ചു പറയുന്നുണ്ട്. രോഹിത് പട്ടികജാതിക്കാരനല്ലെന്ന് വരുത്തിക്കൊണ്ട് ഉന്നതര്‍ക്കെതിരായ കേസ് അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.

Similar Posts