കേരളത്തിലെ ശത്രുക്കള്‍ പഞ്ചാബില്‍ ബന്ധുക്കള്‍
|കേരളത്തില്‍ സിപിഎമ്മും ആര്‍എംപിയും തമ്മിലടിക്കുമ്പോള്‍ പഞ്ചാബില്‍ തോളോട് തോള് ചേര്‍ന്നാണ് പോരാട്ടം.
കേരളത്തില്‍ സിപിഎമ്മും ആര്‍എംപിയും തമ്മിലടിക്കുമ്പോള്‍ പഞ്ചാബില്‍ തോളോട് തോള് ചേര്‍ന്നാണ് പോരാട്ടം. പഞ്ചാബില്‍ വിശാല ഇടത് സഖ്യത്തിന്റെ ഭാഗമാണ് ഇരുപാര്‍ട്ടികളും. കേരളത്തിലേ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമാണ് പഞ്ചാബിലേതെന്ന് ആര്‍എംപിഐ ദേശീയജനറല്‍ സെക്രട്ടറി മംഗത്റാം പാസ്ല മീഡിയവണിനോട് പറഞ്ഞു
ഒരേ മുന്നണിയുടെ ഭാഗമാണെന്ന് മാത്രമല്ല പഞ്ചാബില്‍ വല്യേട്ടന് ആര്‍എംപിയാണ്. സിപിഎമ്മിനെക്കാള്‍ അംഗസംഖ്യയുള്ള പാര്‍ട്ടി. സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ മുന്‍സംസ്ഥാന സെക്രട്ടറിയും ആര്‍എംപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ മംഗത്റാം പാസ്ലയാണ് വിശാല ഇടത് ഐക്യത്തിന് നേതൃത്വം നല്‍കുന്നത്. തൊഴിലാളികള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള പാസ്ലയാണ് തെരഞ്ഞെടുപ്പ് റാലികളുടെയെല്ലാം മുഖം.
പഞ്ചാബില്‍ കാലങ്ങളായി കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിച്ചിരുന്ന സിപിഎം ഇത്തവണ ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മുന്നണിവിട്ടത്. സിപിഐയും സഖ്യത്തിന്റെ ഭാഗമാണ്. പത്താന്‍കോട്ട് ജില്ലയില്‍ ആര്‍എംപി മത്സരിക്കുന്ന സുജാന്‍പൂര്‍, ബോവ എന്നിവയാണ് ഇടത്പക്ഷത്തിന് ഏറെ പ്രതീക്ഷയുള്ള മണ്ഡലങ്ങള്‍.