India
വോട്ടിങ് മെഷിനുകളില്‍ വ്യാപക ക്രമക്കേടെന്ന് മായാവതിവോട്ടിങ് മെഷിനുകളില്‍ വ്യാപക ക്രമക്കേടെന്ന് മായാവതി
India

വോട്ടിങ് മെഷിനുകളില്‍ വ്യാപക ക്രമക്കേടെന്ന് മായാവതി

admin
|
29 May 2018 5:58 AM GMT

പരമ്പരാഗത രീതിയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും മായാവതി

യു.പി തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നുവെന്ന പരാതിയുമായി ബി.എസ്.പി അധ്യക്ഷ തെരഞ്ഞെടുപ്പു കമ്മീഷനിലേക്ക്. ഏത് ബട്ടനില്‍ അമര്‍ത്തിയാലും വോട്ട് ബി.ജെ.പിക്ക് ലഭിക്കുന്ന രീതിയില്‍ ഈ യന്ത്രങ്ങളെ മുന്‍കൂട്ടി സജ്ജമാക്കിയിരുന്നതായി മായാവതി ആരോപിച്ചു.

യു.പിയില്‍ നാലുതവണ മുഖ്യമന്ത്രിയായ മായാവതിയുടെ ഭാഗത്തു നിന്നും ഇത്തരമൊരു ആരോപണം ഉയര്‍ന്നത് രാഷ്ട്രീയ കന്ദ്രങ്ങള്‍ക്ക് അവിശ്വസനീയമായാണ് മാറിയത്. തെരഞ്ഞെടുപ്പു അട്ടിമറികളെ കുറിച്ച് ഇന്ത്യയില്‍ മുമ്പും വിരല്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് ഇത്രയും മുതിര്‍ന്ന നേതാവ് രംഗത്തെത്തുന്നത്. ഒറ്റ സീറ്റുകള്‍ പോലും മുസ്‌ലിംകള്‍ക്ക് നല്‍കാത്ത ബി.ജെ.പി മുസ്‌ലിം മേഖലകളില്‍ അടക്കം ജയിച്ചു കയറിയത് സാമാന്യ യുക്തിക്ക് നിരക്കുന്നതല്ലെന്നാണ് മായാവതിയുടെ ആരോപണം.

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതേ പരാതി ഉയര്‍ന്നതാണെന്നും താന്‍ അവഗണിക്കുകയായിരുന്നുവെന്നും ബി.എസ്.പി അധ്യക്ഷ പറഞ്ഞു. നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറ തന്നെ ഇല്ലാതാക്കുന്ന നീക്കമാണിത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കി പേപ്പര്‍ ബാലറ്റില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ ധൈര്യമുണ്ടെങ്കില്‍ നരേന്ദ്ര മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടണമെന്ന് മായാവതി വെല്ലുവിളിച്ചു.

ബി.എസ്.പിയും സമാജ്‌വാദിയും തുടക്കം മുതല്‍ ഒടുക്കം വരെ കയറ്റിറക്കങ്ങളില്ലാതെ ഒരേ അവസ്ഥയില്‍ നില്‍ക്കുകയും ബി.ജെ.പി മാത്രം മുന്നോട്ടു പോവുകയും ചെയ്ത സാഹചര്യത്തിലാണ് മായാവതിയുടെ വിമര്‍ശം. എന്നാല്‍ മായാവതി ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത് ഖേദകരമാണെന്ന് മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.

Similar Posts