India
മുസ്‍ലിംകള്‍ക്ക് യോഗ ചെയ്യാം; അതിന്റെ ഭാഗമായുള്ള പൂജകളില്‍ നിന്ന് വിട്ടുനിന്നാല്‍ മതി''മുസ്‍ലിംകള്‍ക്ക് യോഗ ചെയ്യാം; അതിന്റെ ഭാഗമായുള്ള പൂജകളില്‍ നിന്ന് വിട്ടുനിന്നാല്‍ മതി''
India

''മുസ്‍ലിംകള്‍ക്ക് യോഗ ചെയ്യാം; അതിന്റെ ഭാഗമായുള്ള പൂജകളില്‍ നിന്ന് വിട്ടുനിന്നാല്‍ മതി''

Khasida
|
29 May 2018 3:24 AM GMT

സുന്നിപണ്ഡിതനും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അംഗവുമായി മൗലാനാ ഖാലിദ് റഷീദ് ഫാറംഗി മഹാലിയുടേതാണ് അഭിപ്രായം

മുസ്‌ലിംകള്‍ അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി പങ്കെടുക്കുന്നതില്‍ പ്രശ്‍നമൊന്നുമില്ലെന്നും അതിന്റെ ഭാഗമായി ഏതെങ്കിലും തരത്തിലുള്ള പൂജകളുണ്ടെങ്കില്‍ വിട്ടുനിന്നാല്‍ മതിയെന്നും സുന്നിപണ്ഡിതനും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അംഗവുമായി മൗലാനാ ഖാലിദ് റഷീദ് ഫാറംഗി മഹാലി. ദേശീയ മാധ്യമമായ ന്യൂസ് 18-നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''യോഗ എന്നത് വളരെ നല്ല കാര്യമാണ്. അത് പിന്തുടരുന്നതില്‍ തെറ്റില്ല.. നല്ലൊരു വ്യായാമമുറയാണത്. എന്നാല്‍ ഇതിനോടനുബന്ധിച്ച് നടക്കുന്ന പൂജകളില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള സന്നദ്ധത മുസ്‍ലിംകള്‍ കാണിച്ചാല്‍ മതി.''- അദ്ദേഹം പറഞ്ഞു.

ജൂണ്‍ 21 ന് ലഖ്‌നൗവിലെ രംബായ് അംബേദ്കര്‍ മൈതാനത്തു നടക്കുന്ന നടക്കുന്ന യോഗദിനാചരണത്തില്‍ സ്ത്രീകളും പുരുഷന്മാരുമായ 300-ഓളം മുസ്‌ലിംകള്‍ അടക്കം 55,000 ആളുകള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും അന്നേ ദിവസം ലഖ്നൌവിലെത്തിച്ചേരും.

യോഗദിനാചാരണത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന്, താന്‍ അതിനെ കുറിച്ച് ചിന്തിച്ചുക്കൊണ്ടിരിക്കുകയാണെന്നും ഈ വര്‍ഷം തനിക്ക് ക്ഷണം കിട്ടിയാല്‍ പങ്കെടുക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ച, മെയ് 14 ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും യോഗദിനാചാരണത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. ലഖ്‌നൗവിലെ വിവിധ പാര്‍ക്കുകളില്‍ എല്‍ഇഡി സ്‌ക്രീനുകള്‍ സ്ഥാപിച്ച് സാധാരണക്കാരെയടക്കം ഉള്‍പ്പെടുത്തി യോഗദിനാചരണം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കേന്ദ്ര ആയുഷ് മന്ത്രാലയമാണ് ഈ വര്‍ഷത്തെ യോഗദിനാചരണം ലക്നൗവില്‍ നടത്താമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചത്. ഭോപ്പാലും, ജയ്‍പൂരും അഹമ്മദാബാദും റാഞ്ചിയും ബംഗളുരുവുമാണ് പരിഗണയിലുണ്ടായിരുന്ന മറ്റ് സ്ഥലങ്ങള്‍.

2015 ജൂണ്‍ 21 നാണ് ആദ്യ ലോക യോഗദിനാചാരണം നടന്നത്. രാജ്പഥില്‍ വെച്ചായിരുന്നു ഇത്. 190 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അന്ന് ചടങ്ങിനെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഛത്തീസ്‍ഗഢിലായിരുന്നു യോഗദിനാചരണം നടന്നത്.

Similar Posts