India
നെഹ്‍റുവിനെയും മഹാത്മാഗാന്ധിയെയും തഴഞ്ഞ്, സവര്‍ക്കറെ വാഴ്‍ത്തി രാജസ്ഥാന്‍ പാഠപുസ്തകംനെഹ്‍റുവിനെയും മഹാത്മാഗാന്ധിയെയും തഴഞ്ഞ്, സവര്‍ക്കറെ വാഴ്‍ത്തി രാജസ്ഥാന്‍ പാഠപുസ്തകം
India

നെഹ്‍റുവിനെയും മഹാത്മാഗാന്ധിയെയും തഴഞ്ഞ്, സവര്‍ക്കറെ വാഴ്‍ത്തി രാജസ്ഥാന്‍ പാഠപുസ്തകം

Ubaid
|
29 May 2018 8:51 PM GMT

പതിനൊന്നാം ക്ലാസിലെ പുസ്തകത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബ്രിട്ടീഷുകാരുടെ വളര്‍ത്തു കുഞ്ഞായിരുന്നുവെന്നാണ് പറയുന്നത്

രാജസ്ഥാന്‍ സ്‌കൂള്‍ ബോര്‍ഡ് തയാറാക്കിയ പുതിയ പാഠപുസ്തകങ്ങള്‍ വിവാദമാകുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരെപ്പറ്റി വളരെ കുറച്ച് മാത്രം കൊടുക്കുകയും ഹിന്ദുത്വ സൈദ്ധാന്തികന്‍ വീര്‍ സവര്‍ക്കര്‍ക്ക് അമിത പ്രാധാന്യം നല്‍കിയുമാണ് പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഏകീകൃത സിവില്‍കോഡ്, രാഷ്ട്രഭാഷയായ ഹിന്ദി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ നയം, പാകിസ്താന്‍ പരാമര്‍ശങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് 10,11,12 ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കുകയും ഗാന്ധിജിയെ കുറിച്ചുള്ള ഭാഗം വളരെ കുറച്ച് മാത്രമാക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം പുസ്തകത്തില്‍ സവര്‍ക്കറെ കുറിച്ച ധാരാളം പരാമര്‍ശങ്ങളുണ്ട്. വീര്‍ സവര്‍ക്കര്‍ വലിയ വിപ്ലവകാരിയായിരുന്നുവെന്നും മഹാനായ ദേശസ്‌നേഹിയിയാണെന്നും മികച്ച സംഘാടകനായിരുന്നുവെന്നുമാണ് പത്താം ക്ലാസിലെ പാഠപുസ്തകം വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി സവര്‍ക്കര്‍ സഹിച്ച ത്യാഗം വാക്കുകള്‍ക്കപ്പുറമാണെന്നും പുസ്തകം പറയുന്നു.

10ാം ക്ലാസിലെ പുസ്തകങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടതായി പരാമര്‍ശങ്ങളുണ്ട്. പതിനൊന്നാം ക്ലാസിലെ പുസ്തകത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബ്രിട്ടീഷുകാരുടെ വളര്‍ത്തു കുഞ്ഞായിരുന്നുവെന്നാണ് പറയുന്നത്.

പുസ്തകത്തിന്റെ ഒരു പാഠ ഭാഗത്തില്‍ ഇന്ത്യന്‍ സ്വതന്ത്ര്യ സമരനേതാക്കളുടെ പട്ടിക ഇപ്രകാരമാണ് ക്രമപ്പെടുത്തിയിട്ടുള്ളത്. സ്വാമി ദയാനന്ദ സരസ്വതിയാണ് ഏറ്റവും മുകളില്‍. സ്വാമി വിവേകാനന്ദന്‍, മഹര്‍ഷി അരവിന്ദ് ഘോഷ്, മഹാത്മാഗാന്ധി, വീര്‍ സവര്‍ക്കര്‍, സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍, ബി.ആര്‍.അംബേദ്ക്കര്‍, ജവഹര്‍ലാല്‍ നെഹ്‌റു, ദീന്‍ ദയാല്‍ ഉപധ്യായ് എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം എട്ടാം ക്ലാസിലെ പുസ്തകത്തില്‍ നിന്നും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്‌റുവിനെ തഴഞ്ഞിരുന്നു.

Similar Posts