ഗുജ്റാത്ത് കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷം; ആറ് എംഎല്‍എമാര്‍ രാജിവച്ചു
|ഇതോടെ അഹ്മദ് പട്ടേലിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിത്വം ത്രിശങ്കുവിലായി. ഒമ്പത് എംഎല്‍മാരുടെ പിന്തുണ ബിജെപിക്ക് പോകുന്നതോടെ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളും ബിജെപിക്ക് ലഭിക്കും.
ഗുജ്റാത്ത് കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമായി. രണ്ട് ദിവസത്തിനിടെ ആറ് എംഎല്‍മാര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു.മൂന്ന് പേര് കൂടി രാജിവക്കുമെന്നാണ് സൂചന. മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിംഗ് വഗേലയുമായി അടുപ്പമുള്ളവരാണ് ഇവര്‍. ഇതോടെ അഹ്മദ് പട്ടേലിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിത്വം ത്രിശങ്കുവിലായി. ഒമ്പത് എംഎല്‍മാരുടെ പിന്തുണ ബിജെപിക്ക് പോകുന്നതോടെ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളും ബിജെപിക്ക് ലഭിക്കും.
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ശങ്കര്‍ സിംഗ് വഗേല കഴിഞ്ഞയാഴ്ച പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനോട് അടുപ്പമുള്ള എംഎല്‍എമാരുടെ കൂട്ട രാജി. മുന്‍ചീഫ് വിപ്പ് കൂടിയായ ഭല്‍വന്ത് സിന്‍ഹ് രജ്പുത്ത് ഉള്‍പ്പെടേ മൂന്ന് പേര് പാര്‍ട്ടി അംഗത്വവും, എംഎല്‍എ സ്ഥാനവും രാജിവെച്ച് ഇന്നലെയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇന്ന് മനീഷ് ചൌധരി, ചനാഭായ് ചൌധരി എന്നിവരാണ് ഇന്ന് രാജിവെച്ചത്. നാല് പേര് കൂടി രാജിക്ക് സന്നദ്ധരായി നില്‍ക്കുന്നുണ്ടെന്നാണ് സൂചന. ഗുജ്റാത്തില്‍ 52 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ ഒമ്പത് പേര് പാര്‍ട്ടിക്ക് പുറത്ത് പോകുന്നതോടെ ഗുജറാത്തില്‍ നിന്നും കിട്ടേണ്ടിയിരുന്ന രാജ്യസഭ സീറ്റ് കോണ്‍ഗ്രസിന് നഷ്ടമാകും. സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയായ അഹ്മദ് പട്ടേല്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ഒഴിവിലേക്ക വരുന്ന സീറ്റാണ് ഇത്. ഈ സീറ്റില്‍ രാജിവെച്ചെത്തിയ ഭല്‍വന്ത് സിംഗ് ബിജെപി നോമിനിയായി നാമനിര്‍ദേശ പത്രിക നല്കി. ഇതോടെ അഹ്മദ് പട്ടേല്‍ മത്സരിച്ചാല്‍ തോല്ക്കുന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ജയസാധ്യതയില്ലാത്ത സാഹചര്യത്തില്‍ പട്ടേല്‍ മത്സരരംഗത്തുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പട്ടേല്‍ മത്സര രംഗത്ത് നിന്ന് പിന്മാറാന് നിര്‍ബന്ധിതനാകുന്നതും കോണ്‍ഗ്രസിന് തിരിച്ചടിയാണ്. ഗുജറാത്തില്‍ നിന്നുള്ള മറ്റ് രണ്ട് രാജ്യസഭ ഒഴിവുകളില്‍ ബിജെപിക്ക് വിജയം ഉറപ്പാണ്. ഈ സീറ്റുകളില്‍ ദേശീയ അധ്യക്ഷന്‍ അമിത്ഷായും, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഇന്ന് നാമനിര്‍ദേശ പത്രിക നല്കി.