തെറ്റായ വിധി നല്‍കില്ല, രാജി വെച്ച് നാട്ടില്‍ പോയി കൃഷി ചെയ്യും: ജസ്റ്റിസ് ലോയ പറഞ്ഞതായി അഭിഭാഷക സുഹൃത്ത്
|അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേള്‍ക്കുന്ന കാലത്ത് ജസ്റ്റിസ് ലോയ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തും ബാര്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമായ ഉദയ് ഗവാരെ.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേള്‍ക്കുന്ന കാലത്ത് ജസ്റ്റിസ് ലോയ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തും മുതിര്‍ന്ന അഭിഭാഷകനും ബാര്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമായ ഉദയ് ഗവാരെ. രാജിവെയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും തെറ്റായ വിധി പുറപ്പെടുവിക്കുന്നതിനേക്കാള്‍ നാട്ടില്‍ മടങ്ങിയെത്തി കൃഷി ചെയ്ത് ജീവിക്കാനാണ് താല്പര്യമെന്നും ജസ്റ്റിസ് ലോയ പറഞ്ഞതായി ഗവാരെ വെളിപ്പെടുത്തി. കാരവന് മാഗസിനാണ് ഗവാരെയുടെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്.
2014ല്‍ ദീപാവലിയോടനുബന്ധിച്ച് കണ്ടപ്പോഴാണ് താന്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം ലോയ തുറന്നുപറഞ്ഞതെന്ന് ഗവാരെ വ്യക്തമാക്കി. മറ്റൊരു അഭിഭാഷകനോടും ഇക്കാര്യം ലോയ തുറന്നുപറഞ്ഞിരുന്നു. ജസ്റ്റിസ് ലോയ കടുത്ത സമ്മര്‍ദത്തിലായിരുന്നു എന്നതിന് തന്റെ പക്കല്‍ നിരവധി തെളിവുകളുണ്ടെന്നും പക്ഷെ ഒരു അന്വേഷണ ഉദ്യോഗസ്ഥനോട് മാത്രമേ ഇക്കാര്യം വെളിപ്പെടുത്തൂ എന്നും ആ അഭിഭാഷകന് പറഞ്ഞെന്ന് കാരവന് മാഗസിന് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം നടത്തണമെന്ന് നവംബര്‍ 25ന് ചേര്‍ന്ന ബാര്‍ അസോസിയേഷന് യോഗം പ്രമേയം പാസ്സാക്കി. സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടെയോ ഒരു സ്വതന്ത്ര കമ്മീഷന് അന്വേഷിക്കണമെന്നാണ് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് അഭിഭാഷകര്‍ കലക്ട്രറേറ്റ് മാര്‍ച്ച് നടത്തി. രാഷ്ട്രപതിക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.
അന്വേഷണ കമ്മീഷനെ നിയോഗിച്ചില്ലെങ്കില്‍ ഈ ആവശ്യവുമായി കോടതിയെ സമീപിക്കുമെന്നും അഭിഭാഷകര്‍ പറഞ്ഞു.