India
കടുത്ത വേനലില്‍ കാട്ടുതീ പടരുന്നു; ഉത്തരാഖണ്ഡില്‍ മരണം ആറായികടുത്ത വേനലില്‍ കാട്ടുതീ പടരുന്നു; ഉത്തരാഖണ്ഡില്‍ മരണം ആറായി
India

കടുത്ത വേനലില്‍ കാട്ടുതീ പടരുന്നു; ഉത്തരാഖണ്ഡില്‍ മരണം ആറായി

admin
|
29 May 2018 8:10 PM GMT

വരള്‍ച്ചക്കൊപ്പം ഉത്തരാഖണ്ഡില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ 88 ദിവസം പിന്നിട്ടതോടെ മരിച്ചവരുടെ എണ്ണം ആറ് ആയി.

വരള്‍ച്ചക്കൊപ്പം ഉത്തരാഖണ്ഡില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ 88 ദിവസം പിന്നിട്ടതോടെ മരിച്ചവരുടെ എണ്ണം ആറ് ആയി. മൂവായിരത്തോളം ഏക്കറാണ് ഇതിനകം കത്തിനശിച്ചത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ സേനയെ രംഗത്തിറക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ 50ല്‍ അധികം പ്രദേശങ്ങളെ ബാധിച്ചു കഴിഞ്ഞ കാട്ടുതീ, കൂടുതല്‍ ജീവ-വസ്തു നാശനഷ്ടങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. സംസ്ഥാന കേന്ദ്ര സര്‍ക്കാറിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ആറായിരത്തോളം വരുന്ന സംഘം രാവു പകലും തീയണക്കാനുള്ള ശ്രമത്തിലാണ്. ഫെബ്രുവരി മുതല്‍ 922 കാട്ടു തീ പിടുത്തങ്ങളാണ് ഈ ഉത്തരാഖണ്ഡിലുണ്ടായത്. ദേവധാരു, പൈന്‍ എന്നീ മരങ്ങള്‍ കൂട്ടത്തോടെ ഉണങ്ങിയത് തീ കെടുത്താനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്.

പൌരി, തെഹ്‌രി, നൈനിതാല്‍ എന്നീ മേഖലയിലാണ് ദുരിതം കൂടുതലുള്ളത്. ഒരു തവണ പോലും മഴ ഇത്തവണ ലഭിക്കാത്ത ഉത്തരാഖണ്ഡില്‍ ഉണ്ടാകുന്ന രൂക്ഷമായ വരള്‍ച്ചയും കാട്ടുതീയുമാണ് ഇത്തവണത്തേത്. രക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ വ്യോമസേന മി 17 ഹെലികോപ്ടറില്‍ 11 അംഗ സംഘം രക്ഷാ പ്രവര്‍ത്തനത്തിലുണ്ട്. എന്‍.ഡി.ആര്‍.എഫിന്റെ മൂന്ന് സംഘങ്ങള്‍ ദുരന്ത ബാധിത പ്രദേശങ്ങളിലെത്തിയിട്ടുണ്ട്. കാട്ടുതീ ദുരന്തത്തിന്റെ വ്യാപ്തിയും നിജസ്ഥിതിയും അറിയിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വനങ്ങളെയും സമീപപ്രദേശങ്ങളെയും ചുട്ടുചാമ്പലാക്കുന്ന കാട്ടുതീയില്‍ ഇതിനകം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീര്‍ത്ഥാടന കേന്ദ്രമായ ബദരീനാഥിലേക്കുള്ള ദേശീയ പാത 58 മണിക്കൂറുകളോളം അടച്ചിട്ടിരുന്നു.

Related Tags :
Similar Posts