ജനസംഖ്യ വര്‍ധിപ്പിച്ച് അധികാരം പിടിച്ചെടുക്കാനാണ് മുസ്ലിംകളുടെ ശ്രമമെന്ന് ബിജെപി എംഎല്‍എ
|2030ഓടെ ഇന്ത്യയില്‍ ജനസംഖ്യയില്‍ ഹിന്ദുക്കളെ പിന്നിലാക്കി അധികാരം പിടിച്ചെടുക്കുകയാണ് മുസ്ലിംകളുടെ ലക്ഷ്യമെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ
2030ഓടെ ഇന്ത്യയില്‍ ജനസംഖ്യയില്‍ ഹിന്ദുക്കളെ പിന്നിലാക്കി അധികാരം പിടിച്ചെടുക്കുകയാണ് മുസ്ലിംകളുടെ ലക്ഷ്യമെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ. ഈ ലക്ഷ്യത്തോടെ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുകയാണ് മുസ്ലിംകളെന്നും ആല്‍വാര്‍ എംഎല്‍എ ബന്‍വാരി ലാല്‍ സിംഗാള്‍ ആരോപിച്ചു. ഫേസ് ബുക്കിലാണ് എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്.
ഹിന്ദുക്കള്‍ കുട്ടികളുടെ എണ്ണം ഒന്നോ രണ്ടോ ആയി പരിമിതപ്പെടുത്തുമ്പോള്‍ 12 മുതല്‍ 14 വരെ കുട്ടികള്‍ക്കാണ് മുസ്ലിംകള് ജന്മം നല്‍കുന്നതെന്നാണ് എംഎല്‍എയുടെ ആരോപണം. മുസ്ലിം ജനസംഖ്യ കൂടുന്നതോടെ ഹിന്ദുക്കളുടെ നിലനില്‍പ്പ് അപകടത്തിലാവും. മുസ്ലിംകളെ രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ തുടങ്ങിയ പദവികളിലെത്തിക്കുകയാണു ലക്ഷ്യം. മുസ്ലിംകൾ ഭരണാധികാരികളായാൽ ഹിന്ദുക്കൾ രണ്ടാംതരം പൗരന്മാരാകുമെന്നും എംഎല്‍എ പറയുന്നു.
താന്‍ ചിന്തിച്ചാണ് ഫേസ് ബുക്ക് കുറിപ്പെഴുതിയതെന്നും പറഞ്ഞത് പിന്‍വലിക്കുന്ന പ്രശ്നമില്ലെന്നും എംഎല്‍എ വ്യക്തമാക്കി. ഈ മാസം 29ന് ആൽവാർ ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് എംഎൽഎ വിദ്വേഷ പരാമര്‍ശം നടത്തിയത്.