രാത്രി 9 മണിക്ക് ശേഷം വിവാഹം നടത്താന്‍ പാടില്ലെന്ന് തെലങ്കാന വഖഫ് ബോര്‍ഡ്
|രാത്രി വൈകി നടത്തുന്ന കല്യാണങ്ങള്‍ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം വച്ചതെന്ന് വഖഫ് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു
ഫെബ്രുവരി ഒന്ന് മുതല്‍ രാത്രി 9 മണിക്ക് ശേഷം വിവാഹം നടത്താന്‍ പാടില്ലെന്ന് തെലങ്കാന വഖഫ് ബോര്‍ഡ് ഖാസിമാരോട് നിര്‍ദ്ദേശിച്ചു. രാത്രി വൈകി നടത്തുന്ന കല്യാണങ്ങള്‍ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം വച്ചതെന്ന് വഖഫ് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ഉത്തരവ് ലംഘിച്ച് വിവാഹം നടത്തിക്കൊടുക്കുന്ന ഖാസിമാര്‍ക്കെതിരെ നോട്ടീസ് അയക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ഇത്തരത്തില്‍ വിവാഹിതരാകുന്നവര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുകയില്ലെന്ന് ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് സലിം പറഞ്ഞു.
മുസ്ലിം സമൂഹത്തിന് വിദ്യാഭ്യാസം നല്‍കുന്നതിന്റെ ഭാഗമായി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഹജ്ജ് ഹൌസില്‍ നടന്ന മീറ്റിംഗില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, മതപണ്ഠിതന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. അര്‍ദ്ധരാത്രിയില്‍ നടക്കുന്ന വിവാഹങ്ങള്‍ പൊതുശല്യം ഉണ്ടാക്കുന്നതായി യോഗം വിലയിരുത്തി. ഇത്തരം അനാവശ്യമായ ആചാരങ്ങളെ ഇല്ലാതാക്കുമെന്ന് ജാമിയ നിസാമിയ റെക്ടര്‍ മുഫ്തി ഖലീല്‍ അഹമ്മദ് പറഞ്ഞു.
പല വിവാഹചടങ്ങുകളും പുലര്‍ച്ചെ മൂന്നു മണി വരെ നീണ്ടുപോകാറുണ്ട്. അതിഥികള്‍ ഭക്ഷണത്തിനായി കാത്തിരിക്കേണ്ടി വരുന്നു. ഉച്ചത്തിലുള്ള സംഗീതവും കരിമരുന്ന് പ്രയോഗവും കല്യാണത്തിനെത്തുന്നവര്‍ക്കും സമീപത്തുള്ളവര്‍ക്കും അലോസരമുണ്ടാക്കുന്നതായി തെലങ്കാന,ഒഡിഷ ജമാഅത്തെ ഇസ്ലാമി പ്രസിഡന്റ് ഹമീദ് മുഹമ്മദ് ഖാന്‍ പറഞ്ഞു. വിവാഹചടങ്ങുകളിലെ ആഢംബരത്തിനെ എതിര്‍ത്ത പണ്ഠിതന്‍മാര്‍ ഈ പണം സമുദായത്തിന്റെ ക്ഷേമത്തിനായി ചെലവഴിക്കണമെന്നും ആവശ്യപ്പെട്ടു.