പക്കോഡ വിറ്റ് പണമുണ്ടാക്കിയാല്‍ ഹോട്ടല്‍ തുടങ്ങാം: മോദിയെ ന്യായീകരിച്ച് ആനന്ദിബെന്‍ പട്ടേല്‍
|പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പക്കോഡ പരാമര്‍ശത്തെ ന്യായീകരിച്ച് മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പക്കോഡ പരാമര്‍ശത്തെ ന്യായീകരിച്ച് മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍. പ്രതിപക്ഷം മോദിയുടെ പ്രസ്താവന വളച്ചൊടിച്ചെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
പക്കോഡയുണ്ടാക്കാന്‍ കഴിവ് ആവശ്യമാണ്. രുചിയുള്ള പക്കോഡ ഉണ്ടാക്കിയാല്‍ മാത്രമേ നല്ല രീതിയില്‍ വില്ക്കാന് കഴിയൂ. പക്കോഡയുണ്ടാക്കി വിറ്റ് പണമുണ്ടാക്കിയാല്‍ രണ്ട് വര്‍ഷം കഴിഞ്ഞ് റെസ്റ്റോറന്റ് തുടങ്ങാം. നാലോ അഞ്ചോ ആറോ വര്‍ഷം കഴിയുമ്പോള്‍ ഹോട്ടല്‍ തുടങ്ങാമെന്നും ആനന്ദിബെന്‍ പട്ടേല്‍ പറഞ്ഞു.
ചാനല്‍ അഭിമുഖത്തിലാണ് മോദി പക്കോഡ പരാമര്‍ശം നടത്തിയത്. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ ആവശ്യത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ലല്ലോ എന്ന ചോദ്യത്തിന് പ്രതിദിനം 200 രൂപയ്ക്ക് പക്കോഡ വില്‍ക്കുന്നത് ജോലിയല്ലേ എന്നായിരുന്നു മോദിയുടെ പ്രതികരണം. മോദിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയുണ്ടായി.
അടുത്തതായി ഭിക്ഷയെടുക്കുന്നതും മോദി സര്‍ക്കാര്‍ ജോലിയായി പരിഗണിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ചിദംബരം പരിഹസിച്ചു. മോദി ബംഗൂരുവില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്യാന്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ പക്കോഡ വിറ്റ് പ്രതിഷേധിക്കുകയുണ്ടായി.