ബംഗാളില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള 125 സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നോട്ടീസ് നല്‍കി
|വടി ചുഴറ്റാനാണ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളില്‍ പഠിപ്പിക്കുന്നത്. ആര്‍എസ്എസ് ആവട്ടെ മറ്റേതെങ്കിലും മാനേജ്മെന്‍റ് ആവട്ടെ സ്കൂള്‍ നടത്തിപ്പില്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി
പശ്ചിമ ബംഗാളില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള 125 സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ മമത സര്‍ക്കാര്‍ നോട്ടീസ് നല്‍കി. ആര്‍എസ്എസ് നടത്തുന്ന 500 സ്‌കൂളുകള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും 493 സ്‌കൂളുകള്‍ നിരീക്ഷണത്തിലാണെന്നും വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. പിന്നാലെയാണ് 125 സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയത്.
സര്‍ക്കാര്‍ അംഗീകാരമില്ലാതെ (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) പ്രവര്‍ത്തിക്കുന്ന സ്കൂളുകളാണ് അടച്ചുപൂട്ടുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വിശദമാക്കി. വടി ചുഴറ്റാനാണ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളില്‍ പഠിപ്പിക്കുന്നത്. ആര്‍എസ്എസ് ആവട്ടെ മറ്റേതെങ്കിലും മാനേജ്മെന്‍റ് ആവട്ടെ സ്കൂള്‍ നടത്തിപ്പില്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. സ്‌കൂളുകളില്‍ ഹിംസ പഠിപ്പിക്കാന്‍ അനുവാദമില്ലെന്നും മന്ത്രി പറഞ്ഞു.
അടച്ചുപൂട്ടാന്‍ നോട്ടീസ് ലഭിച്ച 125 സ്‌കൂളുകളില്‍ 12 എണ്ണം വിവേകാനന്ദ വിദ്യാലയ പരിഷത്തിന് കീഴിലുള്ളതാണ്. സര്‍ക്കാര്‍ ഉത്തരവിനെതിരെ കല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് സംഘടനയുടെ ഓര്‍ഗനൈസിങ് സെക്രട്ടറി താരക് ദാസ് സര്‍ക്കാര്‍ പറഞ്ഞു. അടച്ചുപൂട്ടുന്നതിന് മുന്‍പ് വിദ്യാഭ്യാസമന്ത്രി ഈ സ്കൂളുകള്‍ സന്ദര്‍ശിക്കണമെന്ന് ആര്‍എസ്എസ് നേതാവ് ജിസ്നു ബസു ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് എത്രത്തോളം മികച്ച വിദ്യാഭ്യാസമാണ് ഈ സ്കൂളുകളില്‍ നല്‍കുന്നതെന്ന് അപ്പോള്‍ മനസ്സിലാവുമെന്ന് ജിസ്നു ബസു അവകാശപ്പെട്ടു. അതേസമയം മദ്രസകളില്‍ എന്താണ് പഠിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നായിരുന്നു മറ്റൊരു നേതാവായ ബിപ്‍ലബ് റേയുടെ പ്രതികരണം.