വായ്പാത്തട്ടിപ്പിന്റെ കൂടുതല്‍ കഥകള്‍; 389.85 കോടി തിരിച്ചടയ്ക്കാതെ ഡയമണ്ട് ജ്വല്ലറി
|ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഡയമണ്ട് ജ്വല്ലറി ടീം ആണ് ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സില്‍ നിന്ന് കോടികള്‍ തട്ടിയിരിക്കുന്നത്.
നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയതിന് പിന്നാലെ മറ്റൊരു ലോണ്‍ തട്ടിപ്പിന്റെ കഥ കൂടി പുറത്തുവന്നിരിക്കയാണ്. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഡയമണ്ട് ജ്വല്ലറി ടീം ആണ് ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സില്‍ നിന്ന് കോടികള്‍ തട്ടിയിരിക്കുന്നത്.
ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സില്‍ നിന്ന് 389.85 കോടിയുടെ തട്ടിപ്പ് നടത്തിയതിന് ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദ്വാരക ദാസ് സേത് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ സിബിഐ കേസെടുത്തു. ഓറിയന്റല്‍ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അശോക് കുമാര്‍ മിശ്ര ആറുമാസം മുമ്പ് നല്‍കിയ പരാതിയിലാണ് ജ്വല്ലറിക്കെതിരെ സിബിഐ കേസെടുത്തിരിക്കുന്നത്.
ജ്വല്ലറി ഡയറക്ടര്‍മാരായ സവ്യ സേത്, റീതാ സേത്, കൃഷ്ണ കുമാര്‍ സിങ്, രവി സിങ് എന്നിവര്‍ക്കെതിരെയും ഇവരുടെ കീഴിലുള്ള ദ്വാരക ദാസ് സേത് സെസ് ഇന്‍ കോര്‍പ്പറേഷനെതിരെയും സിബിഐ കേസ് എടുത്തിട്ടുണ്ട്. 2007-12 കാലഘട്ടത്തിലാണ് ഇവരുടെ കമ്പനി ബാങ്കില്‍ നിന്ന് 389.85 കോടി രൂപ വായ്പയെടുത്തത്. ഈ തുക ഇതുവരെയായിട്ടും തിരിച്ചടച്ചില്ലെന്നാണ് പരാതി.സ്വര്‍ണത്തിന്റെയും മറ്റ് വിലയേറിയ കല്ലുകളും വാങ്ങുന്നതിനായി മറ്റുള്ളവരുടെ ലെറ്റേഴ്‌സ് ഒഫ് ക്രെഡിറ്റ് ഉപയോഗിക്കുകയും വ്യാജ ഇടപാടുകളിലൂടെ രാജ്യത്തിന് പുറത്തേക്ക് സ്വര്‍ണവും രത്‌നവും കടത്തിയെന്നും ബാങ്ക് പരാതിയില്‍ പറയുന്നു.
ആഭരണ നിര്‍മ്മാണവും സ്വര്‍ണ്ണം, വജ്രം, വെള്ളി എന്നിവ കയറ്റുമതി നടത്തുകയും ചെയ്യുന്ന സ്ഥാപനമാണ് ദ്വാരക ദാസ് സേത് ഇന്റര്‍നാഷണല്‍.