തമിഴ്നാട്ടില്‍ നല്ല നേതാവിന്റെ അഭാവം നികത്താനാണ് രാഷ്ട്രീയത്തിലിറങ്ങിയത്: രജനീകാന്ത്
|എംജിആര്‍ ആകാന്‍ ആര്‍ക്കും സാധിക്കില്ല. എന്നാല്‍ എംജിആറിന്‍റെ നല്ല ഭരണം ജനങ്ങള്‍ക്ക് നല്‍കാന്‍ തനിക്ക് സാധിക്കുമെന്ന് രജനീകാന്ത്
തമിഴ്നാട്ടില്‍ നല്ലൊരു രാഷ്ട്രീയ നേതാവിന്‍റെ അഭാവമുണ്ടെന്നും ആ കുറവ് നികത്താനാണ് താന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതെന്നും നടന്‍ രജനീകാന്ത്. എംജിആര്‍ ആകാന്‍ ആര്‍ക്കും സാധിക്കില്ല. എന്നാല്‍ എംജിആറിന്‍റെ നല്ല ഭരണം ജനങ്ങള്‍ക്ക് നല്‍കാന്‍ തനിക്ക് സാധിക്കുമെന്നും രജനീകാന്ത് പറഞ്ഞു. ചെന്നൈയിലെ എംജിആര്‍ സര്‍വകലാശാലയില്‍ എംജിആര്‍ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു രജനീകാന്ത്.
കരുണാനിധിയും ജയലളിതയും നല്ല നേതാക്കളായിരുന്നു. അവര്‍ പാര്‍ട്ടിയെയും തമിഴ്നാടിനെയും നല്ല രീതിയില്‍ മുന്‍പോട്ട് കൊണ്ടുപോയി. അസുഖം കാരണം കരുണാനിധി രാഷ്ട്രീയത്തില്‍ ഇല്ല. ജയലളിത മരിച്ചു. ഈ അവസരത്തില്‍ അവരെ പോലെ രാഷ്ട്രീയ നേതാവാകാന്‍ തനിക്ക് സാധിക്കുമെന്ന് രജനീകാന്ത് അവകാശപ്പെട്ടു. നല്ല മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും എല്ലാം കൂട്ടിച്ചേര്‍ത്ത് അത് നടപ്പാക്കും. തന്‍റെ രാഷ്ട്രീയത്തെ കുറിച്ച് എല്ലാവര്‍ക്കും സംശയമാണ്. ആത്മീയ രാഷ്ട്രീയമെന്നാല്‍, ശുദ്ധരാഷ്ട്രീയം എന്നേ ഉള്ളൂ. അത് വരും കാലത്ത് എല്ലാവര്‍ക്കും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
എംജിആറിനെ കുറിച്ച് പറഞ്ഞത് അതുവഴി രാഷ്ട്രീയലാഭം ഉണ്ടാക്കാനോ അണ്ണാഡിഎംകെയുടെ വോട്ടു നേടാനോ വേണ്ടിയല്ലെന്നും രജനീകാന്ത് പറഞ്ഞു. സിനിമാ താരങ്ങള്‍ രാഷ്രീയത്തിലിറങ്ങുന്നതിനെ രാഷ്ട്രീയക്കാര്‍ എതിര്‍ക്കുന്നു. അവര്‍ അവരുടെ ജോലി നല്ല രീതിയില്‍ ചെയ്യാത്തതുകൊണ്ടാണ് താന്‍ രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നും രജനി പറഞ്ഞു. നടന്‍ പ്രഭു അടക്കമുള്ള തമിഴ് സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തി.