ത്രിപുര അക്രമം; ചാരിലാം മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ നിന്നും സിപിഎം പിന്മാറി
|സംസ്ഥാന ഉപമുഖ്യമന്ത്രി ജിഷ്ണു ദേബര്‍മന്‍ മത്സരിക്കുന്ന ചാരിലാം മണ്ഡലത്തില്‍ സിപിഎമ്മിന്റേയും ആര്‍എസ്പിയുടേയും ജില്ലാകമ്മിറ്റി ഓഫീസുകള്‍ അടക്കമുള്ളവ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു.
ത്രിപുരയില്‍ തിങ്കളാഴ്ച്ച തെരഞ്ഞെടുപ്പ് നടക്കുന്ന ചാരിലാം മണ്ഡലത്തില്‍ നിന്ന് സിപിഎം പിന്‍വാങി. അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് സിപിഎമ്മിന്റെ നടപടി. ത്രിപുരയില്‍ അക്രമം നടന്നസ്ഥലങ്ങളില്‍ സീതാറാം യെച്ചൂരി സന്ദര്‍ശിച്ചു.
സിപിഎം സ്ഥാനാര്‍ത്ഥി അന്തരിച്ചതിനെ തുടര്‍ന്നാണ് ചാരിലാം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. എന്നാല്‍ സംസ്ഥാനഭരണം പിടിച്ചതോടെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംസ്ഥാനവ്യാപകമായി സിപിഎമ്മിനെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ഈ പശ്ചാത്തലത്തില്‍ ചാരിലാം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാഞ്ഞതിനെ തുടര്‍ന്നാണ് മത്സരരംഗത്ത് നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചത്.
സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതായി സിപിഎം വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിക്ക് പ്രചാരണത്തിനായി മണ്ഡലത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്നും സിപിഎം ആരോപിച്ചു. സംസ്ഥാന ഉപമുഖ്യമന്ത്രി ജിഷ്ണു ദേബര്‍മന്‍ മത്സരിക്കുന്ന ചാരിലാം മണ്ഡലത്തില്‍ സിപിഎമ്മിന്റേയും ആര്‍എസ്പിയുടേയും ജില്ലാകമ്മിറ്റി ഓഫീസുകള്‍ അടക്കമുള്ളവ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. അതിനിടെ അക്രമങ്ങളുണ്ടായ പ്രദേശങ്ങള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സന്ദര്‍ശിച്ചു.