അഗസ്ത വെസ്റ്റ് ലാന്‍ഡ് ഇടപാട്: കോണ്‍ഗ്രസ് നല്‍കിയ അവകാശലംഘന പ്രമേയ നോട്ടീസ് ചെയര്‍മാന്റെ പരിഗണനയിലാണെന്ന് ഉപാധ്യക്ഷന്‍
|രാജസ്ഥാനിലെ പാഠപുസ്തകങ്ങളില്‍ നിന്ന് ജവഹര്‍ലാല്‍ നെഹറുവിന്റെ പേര് ഒഴിവാക്കിയ നടപടിയും സഭയില്‍ ബഹളത്തിനിടയാക്കി
അഗസ്തവെസ്റ്റ് ലാന്‍ഡ് അഴിമതിക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരായി കോണ്‍ഗ്രസ് നല്‍കിയ അവകാശലംഘന പ്രമേയ നോട്ടീസ് ചെയര്‍മാന്റെ പരിഗണനയിലാണെന്ന് ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന്‍. പ്രമേയം അവതരിപ്പിയ്ക്കാന്‍ അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളമുയര്‍ത്തിയതിനെത്തുടര്‍ന്നാണ് ഉപാദ്ധ്യക്ഷന്‍ റൂളിങ്ങ് നല്‍കിയത്. നോട്ടീസിന്റെ കാര്യത്തിലുള്ള തീരുമാനം പിന്നീട് അറിയിയ്ക്കുമെന്നും ഉപാദ്ധ്യക്ഷന്‍ പറഞ്ഞു. സഭയ്ക്കകത്ത് ചര്‍ച്ച നടക്കുന്ന വിഷയത്തില്‍ പ്രധാനമന്ത്രി സഭയ്ക്ക് പുറത്ത് ആരോപണങ്ങളുയര്‍ത്തിയത് അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അംഗം ശാന്താറാം നായിക്കാണ് ഇന്നലെ വൈകിട്ട് നോട്ടീസ് നല്‍കിയത്.
രാജസ്ഥാനിലെ പാഠപുസ്തകങ്ങളില്‍ നിന്ന് ജവഹര്‍ലാല്‍ നെഹറുവിന്റെ പേര് ഒഴിവാക്കിയ നടപടിയും സഭയില്‍ ബഹളത്തിനിടയാക്കി. എന്നാല്‍ ചരിത്ര നായകന്മാരുടെ ആരുടെയും പേര് ഒഴിവാക്കുകയോ ഇതുവരെ ഇല്ലാത്ത ആരുടെയും പേര് ഒഴിവാക്കുകയോ ചെയ്യില്ലെന്ന് പാര്‍ലമെന്ററി കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി പറഞ്ഞു.
തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപണമുന്നയിച്ചത്. സഭയില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടന്നപ്പോള്‍ ഒന്നും പറയാത്ത പ്രധാനമന്ത്രി സഭയ്ക്ക് പുറത്ത് ആരോപണമുന്നയിച്ചത് ചട്ട ലംഘനമാണെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നും ആരോപിച്ചാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രാജ്യസഭാ നടപടികള്‍ പൂര്‍ണമായി സ്തംഭിപ്പിച്ചത്. അതിനു ശേഷം ഈ വിഷയത്തില്‍ അവകാശ ലംഘന പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് അംഗം ശാന്താറാം നായിക്കാണ് നോട്ടീസ് നല്‍കിയത്. അവകാശ ലംഘന പ്രമേയത്തിന് അനുമതി നിഷേധിച്ചാല്‍ സഭാനടപടികള്‍ സ്തംഭിപ്പിയ്ക്കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിയ്ക്കുന്നത്.
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടില്‍ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ലക്ഷ്യമിടുന്ന ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് ഇതിലൂടെ തടയിടാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. തുടര്‍ച്ചയായി സഭാ നടപടികള്‍ സ്തംഭിപ്പിച്ച് ബില്ലുകള്‍ പാസ്സാക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായാല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാവും. അങ്ങനെ വന്നാല്‍ സഭാനടത്തിപ്പിന് ഒത്തു തീര്‍പ്പുണ്ടാക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുക്കുമെന്നും കോണ്‍ഗ്രസ്.