ഉറുദുവിനും അറബിക്കുമൊപ്പം സംസ്കൃതവും; ഈ മദ്രസയിലെ പഠനം ഇങ്ങനെയാണ്
|ഹിന്ദിക്കും ഇംഗ്ലീഷിനും ഉറുദുവിനും ഒപ്പം സംസ്കൃതവും പാഠ്യഭാഷയായി ഒരു മദ്രസ
ഇന്ത്യ ഭാഷാവൈവിധ്യത്തിന്റെ നാടാണ്. ഓരോ പ്രദേശത്തും ഭാഷ വ്യത്യസ്തവുമാണ്... ഓരോ സമുദായത്തിനും അവരവരുടേതായ ഭാഷയുമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഹിന്ദിയും ഉറുദുവും സംസ്കൃതവും എല്ലാം യുപിക്കുള്ളിലെ ജനങ്ങള്‍ ഉപയോഗിക്കുന്ന ഭാഷകളാണ്.
അതുകൊണ്ടുതന്നെയാണ്ഗോരഖ്പൂരിലെ ദാറുല്‍ ഉലൂം ഹുസൈനിയ മദ്രസയില്‍ ഹിന്ദിക്കും ഇംഗ്ലീഷിനും ഉറുദുവിനും ഒപ്പം സംസ്കൃതവും പാഠ്യഭാഷയായത്. സംസ്കൃതവും മദ്രസവിദ്യാഭ്യാസത്തിനൊപ്പം പഠിക്കാന്‍ സാധിക്കുന്നതില്‍ തങ്ങള്‍ക്ക് വളരെ സന്തോഷമുണ്ടെന്നാണ് കുട്ടികള്‍ പറയുന്നത്.
സയന്‍സും, കണക്കും കൂടി ഇവിടെ പഠിപ്പിക്കുന്നുണ്ട്. അഞ്ചാംക്ലാസ് മുതലുള്ള കുട്ടികള്‍ക്കാണ് സംസ്കൃതം കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംസ്കൃതം കൂടി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതില്‍ ഇതുവരെ വിദ്യാര്‍ത്ഥികളോ രക്ഷിതാക്കളോ എതിര്‍പ്പുയര്‍ത്തിയിട്ടില്ലെന്ന് പറയുന്നു മദ്രസയുടെ പ്രിന്‍സിപ്പളായ ഹാഫിള് നസ്രെ ആലം. സംസ്ഥാനത്താകെ മദ്രസകളിലെ പാഠ്യപദ്ധതി പരിഷ്കരിച്ചിരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017 ഒക്ടോബറില്‍ സംസ്ഥാനത്തെ മദ്രസകളില്‍ എന്‍സിആര്‍ടി സിലബസിലുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്തിരുന്നു. 19000 ത്തോളം അംഗീകാരമുള്ള മദ്രസകളാണ് സംസ്ഥാനത്തുള്ളത്.