കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പ്: ബിജെപിക്കെതിരെ പ്രചാരണവുമായി പ്രകാശ് രാജ്
|'ആര്‍ക്ക് വേണ്ടിയും വോട്ട് ചോദിക്കില്ല':'ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം തുറന്ന് കാട്ടും'
കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ പ്രചാരണത്തിന് സിനിമ നടന്‍ പ്രകാശ് രാജും. ഒരു പാര്‍ട്ടിക്കും വേണ്ടി വോട്ട് ചോദിക്കില്ല. എന്നാല്‍ ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കാന്‍ സംസ്ഥാനത്തുടനീളം യാത്ര നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സമാന മനസ്കരായ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരെ അണിനിരത്തിയായിരിക്കും പ്രചാരണമെന്നും അദ്ദേഹം അറിയിച്ചു.
ഗൌരി ലങ്കേശിന്റെ കൊലപാതകത്തിന് ശേഷം ബിജെപിയെയും സംഘ്പരിവാറിനെയും കിട്ടാവുന്ന വേദികളിലെല്ലാം കടന്നാക്രമിക്കുന്ന വ്യക്തിയാണ് തെന്നിന്ത്യന്‍ സിനിമ നടന്‍ പ്രകാശ് രാജ്. ജനിച്ച് വളര്‍ന്ന മണ്ണ് സുപ്രധാനമായ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ആ അവസരം ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗിക്കാതിരിക്കാന്‍ ആകില്ലെന്ന് അദ്ദേഹം പറയുന്നു.
ഏത് പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ ജനങ്ങളെ ഉപദേശിക്കാനില്ല. എന്നാല്‍ ആര്‍ക്കെതിരെ വോട്ട് ചെയ്യണം എന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമേതുമില്ല.
പിഞ്ചു ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നവര്‍ക്ക് വേണ്ടി ദേശീയ പതാക ഉയര്‍ത്തി പ്രകടനം നടത്താന്‍ മാത്രം മ്ലേഛമാണ് രാജ്യത്തെ ബിജെപിയുടെ രാഷ്ട്രീയം. ഒരു പ്രത്യേക മതത്തെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജിഗ്നേഷ് മേവാനി, കനയ്യ കുമാര്‍ തുടങ്ങിയ രാജ്യത്തെ പ്രമുഖരായ യുവ രാഷ്ട്രീയ നേതൃത്വത്തെയും സാംസ്കാരിക-സാമൂഹിക പ്രവര്‍ത്തകരെയും അണിനിരത്തി സംസ്ഥാനത്തെ മുപ്പത് ജില്ലകളിലും പര്യടനം നടത്തും. തെരുവ് നാടകങ്ങള്‍, ചെറു സിനിമകള്‍, ഡോക്യുമെന്ററികള്‍,പാട്ട്,കവിത തുടങ്ങിയ എല്ലാ കലാരൂപങ്ങളും പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.