യെദിയൂരപ്പ നമ്പര്‍ തികക്കുമോ? രാജ്യം ആകാംക്ഷയില്‍
|വിശ്വാസ വോട്ടെടുപ്പ് അതീജീവിക്കാന്‍ യെദിയൂരപ്പക്ക് വേണ്ടത് ഏഴ് അംഗങ്ങളുടെ കൂടി പിന്തുണ
കര്‍ണാടകയില്‍ യെദിയൂരപ്പ വിശ്വാസ വോട്ടെടുപ്പ് നേരിടുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് ബിജെപി കോണ്‍ഗ്രസ് ജെഡിഎസ് ക്യാമ്പുകളില്‍ വിള്ളലുണ്ടാകുമോ എന്നതാണ്. വോട്ടെടുപ്പിനെ അതിജീവിക്കുമെന്ന് ആവര്‍ത്തിച്ച് പറയുന്ന ബിജെപി എന്തൊക്കെ നീക്കങ്ങളാണ് നടത്തുന്നത് എന്നത് അവ്യക്തം. സ്വന്തം പാളയത്തിലെ എംഎല്‍എമാരുടെ കാര്യത്തില്‍ കോണ്‍ഗ്രസും ജെഡിഎസും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
221 പേരുള്ള നിയമസഭയില്‍ 111 അംഗങ്ങളുടെ പിന്തുണയാണ് വിശ്വാസ വോട്ടെടുപ്പ് ജയിക്കാകന്‍ വേണ്ടത്. താമര ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചവര്‍ 104. ഏഴ് അംഗങ്ങളുടെ പിന്തുണ കൂടി കേവല ഭൂരിപക്ഷം കടക്കാന്‍ ബിജെപിക്ക് വേണം. കൈ ചിഹ്നത്തില്‍ മത്സരിച്ച 78 പേരില്‍ ആന്ദ് സിംഗ്, പ്രതാപ ഗൌഡ പാട്ടീല്‍ എന്നിവരെക്കുറിച്ച് ഒരു വിവരവുമില്ല. അതിനാല്‍ 76 അംഗങ്ങള്‍ മാത്രമേ കോണ്‍ഗ്രസിനൊപ്പമുള്ളൂ. രണ്ട് സ്വതന്ത്രന്മാരും, ജെഡിഎസിന്‍റെ 37 അംഗങ്ങളും ഇതോടൊപ്പം ചേരുമ്പോള്‍ സഖ്യത്തെ പിന്തുണക്കുന്നവരുടെ എണ്ണം 115 ആകും.
ഇവരില്‍ അഞ്ച് പേര്‍ ക്രോസ് വോട്ട് ചെയ്യണം. അല്ലെങ്കില്‍ പതിനൊന്ന് പേര്‍ എംഎല്‍എ സ്ഥാനം രാജിവെക്കുകയോ, തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുകയോ ചെയ്യണം. എങ്കില്‍ മാത്രമേ യെദിയൂരപ്പക്ക് വിശ്വാസ വോട്ടെടുപ്പ് അതിജീവിക്കാനാകൂ. ക്രോസ് വോട്ട് ചെയ്യുകയോ, മാറിനില്‍ക്കുകയോ ചെയ്താല്‍ കൂറുമാറ്റ നിരോധന പ്രകാരം അയോഗ്യത ഭീഷണിയും എല്‍എമാര്‍ നേരിടേണ്ടി വരും. ചുരുക്കത്തില്‍, കോണ്‍ഗ്രസ് ജെഡിഎസ് ക്യാമ്പില്‍ നിന്ന് എത്രപേര്‍ മറുകണ്ടം ചാടുന്നുവോ അതിനെ ആശ്രയിച്ചിരിക്കും യെദിയൂരപ്പയുടെ ഭാവി. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ നല്‍കിയ സമയപരിധി സുപ്രിം കോടതി വെട്ടിച്ചുരുക്കിയതോടെ കൂറുമാറ്റം ഉറപ്പിക്കാനുള്ള സാവകാശം കൂടിയാണ് ബിജെപിക്ക് നഷ്ടമായത്.
അതിനിടെ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ഇന്നലെ രാത്രി തന്നെ ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ടു. ഇന്ന് 11 മണിക്കാണ് ഇവരുടെ സത്യപ്രതിജ്ഞ. എംഎല്‍എമാരെ നേരിട്ട് നിയമസഭയിലെത്തിക്കുമെന്നാണ് സൂചന.