പട്ടികജാതി ക്ഷേമ ഫണ്ട് സംസ്ഥാനങ്ങള്‍ വ്യാപകമായി വകമാറ്റുന്നു
|പട്ടികജാതി ക്ഷേമ ഫണ്ടിന്റെ യഥാര്‍ത്ഥ ഉപയോഗം എട്ട് ശതമാനത്തിന് താഴെയാണെന്ന് ദേശീയ പട്ടികജാതി കമ്മീഷന് നടത്തിയ പഠനത്തിലാണ് വ്യക്തമായത്.
രാജ്യത്തെ പട്ടികജാതി ക്ഷേമ ഫണ്ട് സംസ്ഥാനങ്ങള്‍ വ്യാപകമായി വകമാറ്റുന്നതായി കണ്ടെത്തല്‍. പട്ടികജാതി ക്ഷേമ ഫണ്ടിന്റെ യഥാര്‍ത്ഥ ഉപയോഗം എട്ട് ശതമാനത്തിന് താഴെയാണെന്ന് ദേശീയ പട്ടികജാതി കമ്മീഷന് നടത്തിയ പഠനത്തിലാണ് വ്യക്തമായത്.
2012 - 13 മുതല്‍ 2015-16 വരെയുള്ള കാലയളവിലെ പട്ടികജാതി ക്ഷേമഫണ്ട് വിനിയോഗം പരിശോധിച്ചാണ് ദേശീയ പട്ടികജാതി കമ്മീഷന്റെ വിലയിരുത്തല്‍. പശ്ചിമ ബംഗാള്‍, കര്‍ണാടക, തെലങ്കാന എന്നിവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും വന്‍തോതില്‍ ഫണ്ട് വകമാറ്റുന്നുവെന്നാണ് കമ്മീഷന് ലഭിച്ച കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 15.90 ശതമാനം പട്ടികജാതി ജനസംഖ്യയുള്ള ബീഹാറിന് അനുവദിച്ച 9335.5 കോടിയില്‍ യഥാര്‍ഥ ആവശ്യത്തിന് വിനിയോഗിച്ചത് 1329.94 കോടി മാത്രം. ബാക്കി വകമാറ്റി. ഇതിനേക്കാള്‍ മോശമാണ് ഒഡീഷ, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലെ കണക്കുകള്‍.
17.31 ശതമാനം എസ്സി ജനസംഖ്യയുള്ള ഒഡീഷയില്‍ 5813 കോടി അനുവദിച്ചതില്‍ ഈ വിഭാഗത്തിന് വേണ്ടി ചിലവിട്ടത് 111.48 കോടി മാത്രം. രാജസ്ഥാനില്‍ 99 ശതമാനത്തില്‍ അധികം തുകയും വകമാറ്റി. ഹരിയാനയില്‍ 96.06 ശതമാനവും ഹിമാചല്‍ പ്രദേശില്‍ 92.64 ശതമാനവും തുക പട്ടികജാതിക്കാര്‍ക്ക് ലഭിച്ചില്ല. ഗുജറാത്തിലും വകമാറ്റല്‍ വ്യാപകമാണ്. തെലങ്കാനയാണ് ഇക്കാര്യത്തില്‍ താരതമ്യേന മെച്ചം. അനുവദിച്ച 8089 കോടിയില്‍ 7,118 കോടിയും പട്ടികജാതി ക്ഷേമത്തിനായി വിനിയോഗിച്ചിട്ടുണ്ട്.