കാവേരി തര്‍ക്കം: കര്‍ണാടകയില്‍ ബന്ദ് തുടരുന്നു
|കാവേരി പോരാട്ട സമിതി അടക്കമുള്ള കര്‍ഷക സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്
കാവേരി നദിയില്‍നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെ കര്‍ണാടകയില്‍ ബന്ദ് തുടരുന്നു . കാവേരി പോരാട്ട സമിതി അടക്കമുള്ള കര്‍ഷക സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. പ്രശ്ന പരിഹാരത്തിന് അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാന മന്ത്രിക്ക് കത്തയച്ചു.
സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പരോക്ഷ പിന്തുണയോടെ തുടരുന്ന ബന്ദില്‍ കര്‍ണാടക തീര്‍ത്തും നിശ്ചലമാണ്. ബംഗളുരു ഉള്‍പ്പെടയുള്ള നഗരങ്ങളില്‍ കര്‍ഷക സംഘടനകളുടെ പ്രകടനം നടന്നു, തമിഴ്നാട് മുഖ്യ മന്ത്രി ജയലളിതയുടെ കോലം കത്തിച്ചു. ബംഗളുരുവില്‍ ചിലയിടങ്ങളില്‍ നേരിയ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വരുദിവസങ്ങളിലും പ്രതിഷേധം തുടരാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യ മന്ത്രി സിദ്ദരാമയ്യ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. ബന്ദി ന്റെ പ്ശ്ചാതലത്തില് കര്‍ണാടകയില്‍ ഇന്ന് സര്‍ക്കാര്‍ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എയര്‍പോര്‍ട്ട് ടാക്സികളും, എല്ലാ ഓട്ടോ തൊഴിലാളികളും ബന്ദില്‍ പങ്കെടുക്കുന്നുണ്ട്. ബംഗളുരു മെട്രോയും സര്‍വീസ് നടത്തിയില്ല. ഓണം ബക്രീദ് ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങാനിരുന്ന കേരളമുള്‍പ്പെടെയുളള ഇതര സംസ്ഥാനക്കാരെ ബന്ദ് കാര്യമായി ബാധിച്ചു. ആശുപത്രികളും പ്രവര്‍ത്തനവും അവതാളത്തിലായിട്ടുണ്ട്. വൈകീട്ട് ആറ് മണി വരെയാണ് ബന്ദ്.
10 ദിവസം കൊണ്ട് 15,000 ഘന അടി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന സുപ്രീം കോടതി വിധി പ്രകാരം ബുധനാഴ്ച കര്‍ണാടക തമിഴ്നാടിന് വെള്ളം വിട്ട് നല്‍കിയിരുന്നു. വെള്ളം വിട്ടുകൊടുക്കുന്നതില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ചൊവ്വാഴ്ച മാണ്ഡ്യയില്‍ നടന്ന ബന്ദിന് പിന്നാലെയാണ് വെള്ളിയാഴ്ചത്തെ സംസ്ഥാന വ്യാപക ബന്ദ്.