India
എന്താണ് കടം എഴുതിത്തള്ളല്‍ ? കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ കഴിയുമോ ? നഷ്ടം ആര്‍ക്ക് ?എന്താണ് കടം എഴുതിത്തള്ളല്‍ ? കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ കഴിയുമോ ? നഷ്ടം ആര്‍ക്ക് ?
India

എന്താണ് കടം എഴുതിത്തള്ളല്‍ ? കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ കഴിയുമോ ? നഷ്ടം ആര്‍ക്ക് ?

Alwyn K Jose
|
30 May 2018 11:03 PM GMT

ആയിരക്കണക്കിനു കോടി രൂപയുടെ വായ്‍പ തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന വിജയ് മല്യ അടക്കം രാജ്യത്തെ വമ്പന്‍ കോര്‍പ്പറേറ്റുകളുടെ 7000 കോടിയിലേറെ രൂപയുടെ വായ്‍പതുകയാണ് എഴുതിത്തള്ളാന്‍ എസ്‍ബിഐ തീരുമാനിച്ചത്.

ആയിരക്കണക്കിനു കോടി രൂപയുടെ വായ്‍പ തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന വിജയ് മല്യ അടക്കം രാജ്യത്തെ വമ്പന്‍ കോര്‍പ്പറേറ്റുകളുടെ 7000 കോടിയിലേറെ രൂപയുടെ വായ്‍പതുകയാണ് എഴുതിത്തള്ളാന്‍ എസ്‍ബിഐ തീരുമാനിച്ചത്. നോട്ട് അസാധുവാക്കല്‍ മൂലം സ്വന്തം പണത്തിനായി ബാങ്കുകള്‍ക്ക് മുമ്പില്‍ പൊതുജനം ക്യൂ നില്‍ക്കുമ്പോഴാണ് ഈ തീരുമാനം. എന്നാല്‍ കടം എഴുതിത്തള്ളുക എന്നത് വായ്പ തുക തിരിച്ചുപിടിക്കാതിരിക്കാനുള്ള നടപടിയല്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി പറയുന്നു. ബാലന്‍സ് ഷീറ്റ് ശരിയാക്കാന്‍ നിഷ്ക്രിയ ആസ്തിയെ പ്രത്യേക അക്കൌണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നതെന്നും ഇത് ബാങ്കിങ് മേഖലയിലെ സാങ്കേതിക നടപടി മാത്രമാണെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

ഒരുപരിധി വരെ ബാങ്കുകളുടെ പ്രതിച്ഛായ നഷ്ടപ്പെടാതിരിക്കാന്‍ ആര്‍ബിഐ അനുവദിച്ചിരിക്കുന്ന സാങ്കേതിക നടപടി തന്നെയാണ് ഈ കടം എഴുതിത്തള്ളല്‍. എന്നാല്‍ ഇന്ത്യന്‍ ബാങ്കുകള്‍ നടത്തുന്ന ഈ സാങ്കേതിക കടം എഴുതിത്തല്‍ നടപടി അന്യായമാണെന്നും ഈ രീതി അവസാനിപ്പിക്കണമെന്നും മുമ്പ് മുന്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ കെസി ചക്രവര്‍ത്തി തുറന്നിടിച്ചിട്ടുണ്ട്. സാങ്കേതികമായി വായ്പാ തുക ബാങ്കുള്‍ക്ക് നഷ്ടപ്പെടുന്നില്ലെങ്കിലും ഈ തുക തിരിച്ചുപിടിക്കാന്‍ കഴിയാറില്ലെന്നതാണ് വസ്തുത. ഇതില്‍ വലിയ ക്രമക്കേടാണ് നടക്കാറുള്ളതെന്നും കോടികളുടെ വായ്പാതുകകളാണ് ഇത്തരത്തില്‍ എഴുതിത്തള്ളാറുള്ളതെന്നും ചക്രവര്‍ത്തി മുമ്പ് പറഞ്ഞിട്ടുണ്ട്. ഈയൊരു സാങ്കേതിക നടപടി അത്താഴപ്പട്ടിണിക്കാരുടെ പതിനായിരങ്ങള്‍ എഴുതിത്തള്ളുന്നതില്‍ കാണാനില്ലെന്നും അദ്ദേഹം പറയുന്നു. പൊതു മേഖലാ ബാങ്കുകള്‍ കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷത്തിനിടെ ഇത്തരത്തില്‍ എഴുതിത്തള്ളിയത് 114,000 കോടി രൂപയുടെ ബാധ്യതയാണ്. ഇപ്പോള്‍ എഴുതിത്തള്ളിയ 7000 കോടി ഉള്‍പ്പെടെ ഈ വര്‍ഷം ശേഷിക്കുന്ന കാലയളവില്‍ ബാങ്കുകള്‍ എഴുതിത്തള്ളാന്‍ ഉദ്ദേശിക്കുന്നത് അരലക്ഷം കോടിയിലേറെ രൂപയുടെ ബാധ്യതയാണെന്നാണ് കണക്കുകള്‍ പറയുന്നത്.

എന്താണ് എഴുതിത്തള്ളല്‍ ?

ബാങ്കില്‍ നിന്ന് ഒരാള്‍ ഒരു കോടി രൂപ വായ്‍പയെടുത്തെന്ന് കരുതുക. എന്നാല്‍ കരുതിയതു പോലെ അല്ലെങ്കില്‍ മനപൂര്‍വം ഈ തുകയുടെ തിരിച്ചടവ് നടക്കുന്നില്ല. ബാങ്കുകളുടെ കാഴ്ചപ്പാടില്‍ ഈ തുക അവര്‍ക്ക് ഒരു ആസ്തി തന്നെയാണ്. വായ്പയുടെ പലിശ ബാങ്കിലേക്ക് എത്തിച്ചേരുന്നതാണ് വരുമാനം. ഈ സമയം ബാങ്കിന്റെ ആസ്തിബാധ്യത വിവരപ്പട്ടിക(ബാലന്‍സ് ഷീറ്റ്)യില്‍ ഈ വായ്പാ തുക ആസ്തിയായി തന്നെ രേഖപ്പെടുത്തിയിരിക്കും. എന്നാല്‍ പ്രതിമാസ തിരിച്ചടവ് മുടങ്ങുന്നതോടെ ബാങ്കിന്റെ പലിശ വരുമാനത്തില്‍ വന്‍ കുറവുണ്ടാകും. ഇതേസമയം, വായ്പാ തുക തിരിച്ചടക്കാന്‍ ഗുണഭോക്താവിന് കഴിയുമെന്ന പ്രതീക്ഷയില്‍ ബാങ്ക്, വായ്പയെ ആസ്തികളുടെ പട്ടികയില്‍ തന്നെ തുടരാന്‍ അനുവദിക്കും. എന്നാല്‍ ആര്‍ബിഐയുടെ മാര്‍ഗനിര്‍ദേശപ്രകാരമുള്ള കാലയളവ് കഴിഞ്ഞിട്ടും തിരിച്ചടവുണ്ടായില്ലെങ്കില്‍ വായ്പാ തുകയെ ബാലന്‍സ് ഷീറ്റിലെ ആസ്തി എന്ന ഗണത്തില്‍ നിന്നു മാറ്റുന്നതിനാണ് നടപടി സ്വീകരിക്കുക. ഇതിനെ എഴുതിത്തള്ളുക എന്നാണ് പറയുന്നതെങ്കിലും വായ്പാ തുക തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങള്‍ പിന്‍വലിക്കുകയെന്നല്ല അര്‍ത്ഥം. എന്നാല്‍ ഫലത്തില്‍ വായ്പയെടുത്തയാള്‍ക്ക് ആശ്വാസവും സാങ്കേതികതയെ കൂട്ടുപിടിച്ച് ബാങ്കുകള്‍ നഷ്ടം വരിക്കുകയുമാണ് ചെയ്യുക.

എഴുതിത്തള്ളല്‍ എന്നാല്‍ വായ്പാ തുക തിരിച്ചുപിടിക്കാനുള്ള നടപടികളില്‍ നിന്നു ബാങ്ക് പിന്‍വലിഞ്ഞു എന്നല്ല അര്‍ത്ഥം. സ്വന്തമായി ബാങ്ക് വായ്പാതുക തിരിച്ചുപിടിക്കാനോ അല്ലെങ്കില്‍ മറ്റേതെങ്കിലും കമ്പനിയെ ഇതിനെ നിയോഗിക്കുകയോ ചെയ്യും. ബാലന്‍സ് ഷീറ്റിലെ കടക്കാരുടെ പട്ടികയില്‍ നിന്നു ഈ വായ്പാ തുകയെ നീക്കം ചെയ്യുമെങ്കിലും അത് ബാങ്കിന്റെ പ്രത്യേക വിഭാഗത്തിന്റെ ഓര്‍മയിലുണ്ടാകും. ബാങ്കുകള്‍ ഈ നിഷ്ക്രിയ ആസ്തികള്‍ കരുതിവെക്കുമെങ്കിലും ഫലത്തില്‍ ഇതില്‍ നിന്നു യാതൊരു വരുമാനവും സൃഷ്ടിക്കാന്‍ കഴിയില്ല. ഈ വായ്പാതുക ബാങ്കിലേക്ക് തിരിച്ചടക്കാതെ വരുന്ന ഘട്ടത്തില്‍ നഷ്ടം സംഭവിക്കുന്നത് സര്‍ക്കാരിനാണ്. നികുതി വരുമാന ഇനത്തില്‍ വലിയ നഷ്ടമാണ് സര്‍ക്കാര്‍ നേരിടുക. എന്നിട്ടും സര്‍ക്കാരും സെന്‍ട്രല്‍ ബാങ്കും എഴുതിത്തള്ളലുകളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. തിരിച്ചടവില്‍ വീഴ്ചവരുത്തുന്ന അക്കൌണ്ടുകളേയും മിക്ക പൊതുമേഖല ബാങ്കുകള്‍ സാധാരണ അക്കൌണ്ടുകളായാണ് രേഖപ്പെടുത്തുക. ഇതുമൂലം മറ്റുള്ളവര്‍ക്ക് ലഭിക്കേണ്ട വായ്പാതുകയാണ് തടസപ്പെടുന്നത്. നഷ്ടം മറച്ചുവെച്ച് ഒന്നില്‍നിന്നു തുടങ്ങുവാനാണ് ബാങ്കുകള്‍ ശ്രമിക്കുക. പൊതുമേഖല ബാങ്കുകള്‍ ഫലത്തില്‍ നഷ്ടത്തിലാണെങ്കിലും കണക്കുകളുടെ കളിയില്‍ രേഖകളില്‍ ലാഭത്തിലാണെന്ന് കാണിക്കുന്നതിനാണ് ഈ ശ്രമം.

Similar Posts