ഈ ഗ്രാമത്തിലെ യുവാക്കള്‍ എന്നും അവിവാഹിതരായി തുടരുന്നു; കാരണം....
|ഉത്തര്‍പ്രദേശിലെ ശ്രീ താരാ മജ്റ ഗ്രാമത്തിലേക്ക് വധുവായി എത്താന്‍ ഒരു പെണ്ണും ആഗ്രഹിക്കുന്നില്ല...
അലഹബാദില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ശ്രീ താരാ മജ്റ ഗ്രാമം അറിയപ്പെടുന്നത് തന്നെ അവിവാഹിതരുടെ ഗ്രാമം എന്നാണ്. കാരണം ജലക്ഷാമവും വൈദ്യുതിയില്ലാത്തതും കാരണം, തങ്ങളുടെ പെണ്‍മക്കളെ ഇവിടേക്ക് വിവാഹം കഴിച്ചയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നില്ല.
അലഹബാദിലെ ഉള്‍പ്രദേശങ്ങളിലേക്ക് മാത്രമല്ല, സമീപ ജില്ലകളില്‍ പോലും വധുവിനെ തേടി ഇവിടുത്തെ യുവാക്കള്‍ പോയി. പക്ഷേ നിരാശയായിരുന്നു ഫലം. ഈ ഗ്രാമത്തിലേക്ക് വിവാഹിതയാവുക എന്നാല്‍ യുവതികളെ സംബന്ധിച്ചിടത്തോളം ആജീവനാന്തം വെള്ളവും വൈദ്യുതിയുമില്ലാതെ കഷ്ടപ്പെടുക എന്നതാണ്.
ആയിരത്തോളം ജനങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്. അമ്പതോളം യുവാക്കളാണ് 18 വയസ്സിനും 29 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍.. വധുവിനെ തിരഞ്ഞ് നിരാശപ്പെട്ടിരിക്കുന്നവര്‍.
വെള്ളത്തിനായി ഗ്രാമവാസികള്‍ക്ക് ആകെയുള്ള ആശ്രയം ഒരു കുഴല്‍കിണറാണ്.. ഗ്രാമത്തില്‍ കിണറുകളുണ്ടെങ്കിലും അവയിലെ വെള്ളം ഉപയോഗശൂന്യമാണ്. നേരത്തെ വിവാഹിതരായ ചില യുവാക്കള്‍ക്ക് സ്ത്രീധനമായി ടിവിയും ഫ്രിഡ്ജും ഫാനും കൂളറുമൊക്കെ ലഭിച്ചിരുന്നു. എന്തുചെയ്യാന്‍ അവയെല്ലാം വീടിന്റെ മൂലയ്ക്കിരുപ്പാണ്.. പലരും നല്ല ജീവിതം തേടി ഗ്രാമം തന്നെ വിട്ടുപോയിക്കഴിഞ്ഞിരിക്കുന്നു.
തന്റെ മകന്‍ മുകേഷ് മാര്‍ക്കറ്റില്‍ നല്ല രീതിയില്‍ നടക്കുന്ന ഷൂ ഷോപ്പ് ഉണ്ടെന്നും വരുമാനമുണ്ടെന്നും അന്വേഷിച്ചറിഞ്ഞിട്ടാണ് അയല്‍ജില്ലയായ പ്രതാപ്ഗറില്‍ നിന്നുള്ള പെണ്‍വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചത്. പക്ഷേ ഒരുമാസം മുമ്പ് ആ വിവാഹം തെറ്റിപ്പോയെന്ന് പറയുന്നു മുകേഷിന്റെ അച്ഛന്‍. പെണ്‍കുട്ടിക്ക് ടിവികാണാതെ ജീവിക്കാന്‍ കഴിയില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ തന്നെ അറിയിക്കുകയായിരുന്നു. ഇത് തന്റെയോ കുടുംബത്തിന്റെയോ മാത്രം അനുഭവമല്ലെന്നും കുട്ടിച്ചേര്‍ക്കുന്നു ബദ്രിലാല്‍ ജയ്സ്വാള്‍. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ ഇവിടെ മുടങ്ങിയത് 20ലധികം വിവാഹങ്ങളാണ്.
മൂന്നു ആണ്‍മക്കളുള്ള മറ്റൊരു ഗ്രാമീണന്‍ പത്തുവര്‍ഷമായി തന്റെ മക്കളെ കാണുന്നത് വല്ലപ്പോഴും വിരുന്നവരുമ്പോള്‍ മാത്രമാണ്.. വിവാഹശേഷം ഈ ഗ്രാമത്തില്‍ ജീവിക്കില്ല എന്ന് ഉറപ്പ് നല്‍കിയതിനാലാണ് തന്റെ മക്കള്‍ക്ക് വധുക്കളെ കിട്ടിയതെന്ന് ഈ അച്ഛന്‍ പറയുന്നു.
മാറിമാറിവരുന്ന എംഎല്‍എമാരും എംപിമാരും വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്നതിനാല്‍ വെള്ളവും വെളിച്ചവുമില്ലാതെ കഴിയാനാണ് ഇപ്പോഴും ഈ ഗ്രാമീണരുടെ വിധി.