മോഹന്‍ ഭഗവതിന് ബംഗാള്‍ സര്‍ക്കാര്‍ വേദി നിഷേധിച്ചു
|ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്‍റെ കൊല്‍ക്കത്തയില്‍ നടക്കാനിരുന്ന പരിപാടിക്ക് ബംഗാള്‍ സര്‍ക്കാര്‍ വേദി നിഷേധിച്ചു.
കൊല്‍ക്കത്തയില്‍ നടക്കാനിരുന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്‍റെ പരിപാടിക്ക് ബംഗാള്‍ സര്‍ക്കാര്‍ വേദി നിഷേധിച്ചു. ഒക്ടോബര്‍ 3ന് സര്‍ക്കാര്‍ ഓഡിറ്റോറിയത്തില്‍ നടക്കാനിരുന്ന സെമിനാറിനാണ് വേദി നിഷേധിച്ചത്. എന്നാല്‍ പുതിയ വേദി കണ്ടെത്തി പരിപാടി നടത്തുമെന്ന് സംഘാടകരായ സിസ്റ്റര്‍ നിവേദിത മിഷന്‍ ട്രസ്റ്റ് വ്യക്തമാക്കി.
മോഹന്‍ ഭഗവത് മുഖ്യപ്രഭാഷകനായ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ സിസ്റ്റര്‍ നിവേദിതയുടെ പങ്ക് എന്ന വിഷയത്തിലെ സെമിനാറിനാണ് സര്‍ക്കാര്‍ വേദി നിഷേധിച്ചത്. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഓഡിറ്റോറിയമായ മഹാജതി സദനിലായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. നേരത്തെ ബുക്ക് ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം പരിപാടിക്ക് ഓഡിറ്റോറിയം അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നു. അറ്റകുറ്റപണികളെന്നാണ് കാരണം പറഞ്ഞത്.
വിജയ ദശമിയും മുഹറം പത്തും ആഘോഷിക്കുന്ന ദിവസങ്ങളോട് ചേര്‍ന്നാണ് സെമിനാറും സംഘടിപ്പിക്കുന്നത്. അതിനാല്‍ തന്നെ പരിപാടിയില്‍ ക്രമസമാധാനപ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന സര്‍ക്കാരിന്‍റെ ആശങ്കയാണ് വേദി നിഷേധിച്ചതിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷവും വിജയദശമിക്കും മുഹറം പത്തിനും പിന്നാലെ ബംഗാളിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. മാത്രവുമല്ല വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് ആയുധപൂജ നടത്തുന്നുമുണ്ട്. ആയുധങ്ങളുമായി പ്രകടനം നടത്തുന്നതിനെതിരെ കഴിഞ്ഞ ദിവസം മമത രംഗത്ത് വരികയും ചെയ്തിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് വേദി നിഷേധിച്ചത്.
എന്നാല്‍ മമതയുടേത് രാഷ്ട്രീയനീക്കമാണെന്നാണ് ആര്‍എസ്എസിന്‍റെ വിമര്‍ശനം. ഈ വര്‍ഷം ജനുവരിയില്‍ കൊല്‍ക്കത്തയില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതില്‍ നിന്ന് മോഹന്‍ ഭഗവതിനെ കൊല്‍ക്കത്ത പൊലീസ് വിലക്കിയെങ്കിലും കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നല്‍കി. പകരം വേദി കണ്ടെത്തി ഗവര്‍ണര്‍ അടക്കം പങ്കെടുക്കുന്ന പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.