India
നൂറോളം പീഡകരുമായി സംസാരിച്ച ഗവേഷകയ്ക്ക് പറയാനുള്ളത്നൂറോളം പീഡകരുമായി സംസാരിച്ച ഗവേഷകയ്ക്ക് പറയാനുള്ളത്
India

നൂറോളം പീഡകരുമായി സംസാരിച്ച ഗവേഷകയ്ക്ക് പറയാനുള്ളത്

Subin
|
30 May 2018 2:21 AM GMT

സ്ത്രീ പീഡന കേസുകളില്‍  ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നവരില്‍ പലര്‍ക്കും തങ്ങള്‍ ചെയ്ത കുറ്റമെന്താണെന്ന് പോലും വ്യക്തതയില്ലെന്ന വസ്തുതയും മധുമിത പങ്കുവെക്കുന്നുണ്ട്. പശ്ചാത്തപിക്കുന്നുവെന്ന് പറഞ്ഞത് വെറും മൂന്നോ നാലോപേര്‍ മാത്രമാണ്.

സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ മനുഷ്യരല്ല പിശാചുകളാണെന്ന പൊതുബോധമാണ് നമുക്കിടയിലുള്ളത്. എന്നിട്ടും എന്തുകൊണ്ടാണ് സ്ത്രീ പീഡനം വര്‍ധിക്കുന്നത്. ഈ ചോദ്യമാണ് സ്ത്രീ പീഡനത്തിന് പിന്നിലെ മനഃശാസ്ത്രത്തെക്കുറിച്ച് ഗവേഷണം നടത്താനും തടവുശിക്ഷ അനുഭവിക്കുന്ന നൂറിലേറെ പീഡകരെ നേരിട്ട് കണ്ട് സംസാരിക്കാനും മധുമിത പാണ്ഡെയെന്ന വിദ്യാര്‍ഥിനി തീരുമാനിക്കുന്നത്. ഞെട്ടിപ്പിക്കുന്നതായിരുന്നു ലഭിച്ച പല മറുപടികളും.

മൂന്ന് വര്‍ഷം മുമ്പാണ് 22കാരിയായിരുന്ന മധുമിത പാണ്ഡെ ആദ്യമായി ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ സ്ത്രീ പീഡകരെ ആദ്യമായി കണ്ട് സംസാരിക്കാനായി പോകുന്നത്. ബ്രിട്ടനിലെ ആഞ്ചെലിയ റസ്‌കിന്‍ സര്‍വ്വകലാശാലയിലെ ക്രിമിനോളജി വകുപ്പിന് കീഴില്‍ നടത്തുന്ന ഗവേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു മധുമിത പാണ്ഡെയുടെ ജയില്‍ സന്ദര്‍ശനങ്ങള്‍. രാജ്യത്ത് ഏറെ വിവാദമായ നിര്‍ഭയ സംഭവത്തിന് ശേഷം മൂന്ന് മാസം കഴിഞ്ഞാണ് മധുമിത ഈ വിഷയം തിരഞ്ഞെടുത്ത് ഗവേഷണപ്രബന്ധത്തിനായുള്ള ജോലികള്‍ ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന നിര്‍ഭയ ഓടുന്ന ബസില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയായ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം അറിഞ്ഞത്.

നിര്‍ഭയ സംഭവത്തിനൊടുവില്‍ 2012 ഡിസംബറില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങുകയും സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ തോതില്‍ ആശങ്കകള്‍ ഉയരുകയും ചെയ്തിരുന്നു. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2015ല്‍ 34615 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്. നിര്‍ഭയ സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആദ്യം തോന്നിയത് എന്തിനാണ് ഇവരിങ്ങനെ ചെയ്യുന്നതെന്നായിരുന്നുവെന്ന് മധുമിത പാണ്ഡെ പറയുന്നു. നമ്മളെല്ലാവരും അവരെ പിശാചുക്കളായാണ് കരുതുന്നത്. മനുഷ്യരായ ആര്‍ക്കെങ്കിലും ഇങ്ങനെ ചെയ്യാന്‍ കഴിയുമോ എന്ന ചിന്തയുമുണ്ടായി.

ഈ വിഷയം തെരഞ്ഞെടുത്ത് ഗവേഷണം ആരംഭിച്ച മധുമിത നിരവധി തവണ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ബലാത്സംഗകേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുമായി സംസാരിക്കാനായി മാത്രം എത്തി. ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരായിരുന്നുവെന്നത് ശ്രദ്ധേയമാണ്. പലരും പ്രൈമറി സ്‌കൂളില്‍ വെച്ചു തന്നെ പഠനം തീര്‍ന്നവര്‍.

'ഗവേഷണം ആരംഭിക്കുന്നതിന് മുമ്പ് ഇവരെല്ലാം പിശാചുകളാണെന്നാണ് കരുതിയിരുന്നത്. പക്ഷേ അവരോട് സംസാരിച്ചു തുടങ്ങിയപ്പോള്‍ ഒരു കാര്യം മനസിലായി. തികച്ചും സാധാരണക്കാരായ മനുഷ്യരാണവര്‍. വളര്‍ന്ന സാഹചര്യങ്ങളും വികലമായ സാമൂഹ്യബോധവും ചിന്തകളുമാണ് അവരെ ഈ നിലയിലെത്തിച്ചത്' മധുമിത പറയുന്നു. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് വഴങ്ങേണ്ടവരാണെന്ന പൊതുധാരണ ഇവരിലുണ്ട്. ഇതൊക്കെയാണ് 'ആണത്ത'മെന്ന് കരുതുന്നവരാണ് ഭൂരിഭാഗവും. അതേസമയം സ്ത്രീകളോട് ഒതുങ്ങി ജീവിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ഇങ്ങനെയൊരു ചിന്ത നിര്‍മ്മിക്കുന്നതില്‍ പൊതു സമൂഹത്തിനുള്ള പങ്ക് ചെറുതല്ലെന്നും മധുമിത ഓര്‍മ്മിപ്പിക്കുന്നു.

സ്ത്രീ പീഡന കേസുകളില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നവരില്‍ പലര്‍ക്കും തങ്ങള്‍ ചെയ്ത കുറ്റമെന്താണെന്ന് പോലും വ്യക്തതയില്ലെന്ന വസ്തുതയും മധുമിത പങ്കുവെക്കുന്നുണ്ട്. സംഭാഷണത്തിനിടെ തങ്ങള്‍ ചെയ്ത കാര്യം നിഷേധിച്ചവരും ന്യായം പറഞ്ഞവും നിരവധിയായിരുന്നു. പശ്ചാത്തപിക്കുന്നുവെന്ന് പറഞ്ഞത് വെറും മൂന്നോ നാലോപേര്‍ മാത്രമാണ്. ബാക്കിയുള്ളവരെല്ലാം തങ്ങളുടെ ചെയ്തികള്‍ക്ക് ന്യായീകരണവും ഇരകളുടെ മേല്‍ കുറ്റം ചാര്‍ത്താനുമൊക്കെയാണ് ശ്രമിച്ചത്.

വിദ്യാഭ്യാസമുള്ള കുടുംബങ്ങളിലേയും സ്ഥിതിഗതികളില്‍ വലിയ വ്യത്യാസമില്ല. സാമ്പ്രദായിക രീതിയില്‍ ഒതുങ്ങി ജീവിക്കുകയാണ് ഇവിടെയും പലപ്പോഴും സ്ത്രീകള്‍ ചെയ്യുന്നത്. രക്ഷിതാക്കള്‍ പോലും കുട്ടികളോട് സ്ത്രീ പുരുഷ ലൈംഗികാവയവങ്ങളെക്കുറിച്ചോ പീഡനത്തെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ സംസാരിക്കാറില്ല. ഇത്തരം കാര്യങ്ങള്‍ സ്‌കൂള്‍ പാഠ്യ പദ്ധതിക്ക് പുറത്തുമാണ്. ഇത്തരം തെറ്റായ പ്രവണകളെ മറികടക്കാതെ എങ്ങനെ നമുക്ക് ആണ്‍കുട്ടികളെ പഠിപ്പിക്കാനാകുമെന്നാണ് മധുമിത പാണ്ഡെയുടെ ചോദ്യം.

താന്‍ കണ്ട നാല്‍പ്പത്തിയൊമ്പതാമത് സ്ത്രീ പീഡകന്റെ വാക്കുകള്‍ ഇപ്പോഴും ഞെട്ടിപ്പിക്കുന്നുവെന്ന് മധുമിത പറയുന്നു. അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് ഇയാള്‍ തടവുശിക്ഷ അനുഭവിക്കുന്നത്. ' ശരിയാണ്, എനിക്ക് തെറ്റുപറ്റിയെന്ന് തോന്നി. ഞാന്‍ അവളുടെ ജീവിതം നശിപ്പിച്ചു. ഇപ്പോള്‍ അവള്‍ കന്യകയല്ല. ആരും അവളെ വിവാഹം കഴിക്കില്ല. ഞാന്‍ അവളെ സ്വീകരിക്കാന്‍ തയ്യാറാണ്. തടവുശിക്ഷ കഴിഞ്ഞ പുറത്തെത്തിയാല്‍ അവളെ ഞാന്‍ വിവാഹം കഴിക്കാം' എന്ന് ഔദാര്യപൂര്‍വ്വം പറയാന്‍ അയാള്‍ പറയുന്നത് ആത്മാര്‍ഥമായാണ്. എത്രത്തോളം തെറ്റായ ധാരണകളാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നതെന്നതിന്റെ തെളിവുകളാണ് ഇയാളുടെ വാക്കുകള്‍.

49കാരനായ ഈ തടവുപുള്ളിയുടെ വാക്കുകള്‍ കേട്ട് ഞെട്ടിപ്പോയ മധുമിത ഇരയായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ ആരാഞ്ഞു. അത് നല്‍കാനും അയാള്‍ക്ക് യാതൊരു മടിയുമുണ്ടായില്ല. അവരുടെ വീടുമായി ബന്ധപ്പെട്ടപ്പോള്‍ അതിലും വിചിത്രമായിരുന്നു വിവരങ്ങള്‍. പീഡനത്തിനിരയായ കുട്ടിയുടെ അമ്മയോട് പീഡിപ്പിച്ചയാള്‍ ജയിലിലാണെന്ന വിവരം പോലും കുടുംബാംഗങ്ങള്‍ പങ്കുവെച്ചിരുന്നില്ല. ആണുങ്ങളുടെ മാത്രമല്ല പൊതു സമൂഹത്തിന്റ തന്നെ തെറ്റായ ധാരണകളാണ് ഈ അഭിമുഖങ്ങളില്‍ നിന്നും തെളിഞ്ഞു വന്നതെന്ന് മധുമിത പറയുന്നു.

വൈകാതെ തന്റെ ഗവേഷണ ഫലം പ്രസിദ്ധീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മധുമിത. അതേസമയം മറ്റൊരു ഫെമിനിസ്റ്റ് ഗവേഷണ പ്രബന്ധമെന്ന നിലയില്‍ തന്റെ പഠനം വിലയിരുത്തപ്പെടുമോയെന്ന ആശങ്കയും മധുമിത പങ്കുവെക്കുന്നുണ്ട്.

Similar Posts