തൊഴിലുറപ്പ് പദ്ധതി അവതാളത്തില്‍, സമരത്തെ അവഗണിച്ച് കേന്ദ്രം
|പദ്ധതി ആരംഭിച്ച് 11 വര്‍ഷം പിന്നിട്ടിട്ടും നിയമം അനുശാസിക്കുന്ന ഒന്നും തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. ദുരിതങ്ങള്‍ അറിയിച്ചപ്പോള്‍ കേന്ദ്രമന്ത്രിമാരില്‍ നിന്ന് ലഭിച്ചത് അവഗണന മാത്രം.
തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴിലാളികളുടെ സമരത്തെ അവഗണിച്ച് കേന്ദ്രം. ധനമന്ത്രി അരുണ്‍ ജയ്റ്റിലി അടക്കമുള്ള കേന്ദ്രമന്ത്രിമാരെ കാണാനെത്തിയ തങ്ങള്‍ക്ക് ലഭിച്ചത് തണുപ്പന്‍ സമീപനമെന്ന് സമരക്കാര്‍. പദ്ധതിയുടെ ഉപജ്ഞാതാക്കളായ കോണ്‍ഗ്രസ് പോലും പിന്തുണമായി എത്തിയില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചാണ് തൊഴിലാളികള്‍ മടങ്ങിയത്.
ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിക്കുന്ന തൊഴിലുറപ്പ് പദ്ധതിയോട് മോദി സര്‍ക്കാര്‍ കാണിക്കുന്ന അവഗണന തുറന്ന് കാണിച്ചാണ് രാജ്യ തലസ്ഥാനത്ത് ഒരാഴ്ച നീണ്ടുനിന്ന സമരം നടന്നത്. പദ്ധതി ആരംഭിച്ച് 11 വര്‍ഷം പിന്നിട്ടിട്ടും നിയമം അനുശാസിക്കുന്ന ഒന്നും തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. ദുരിതങ്ങള്‍ അറിയിച്ചപ്പോള്‍ കേന്ദ്രമന്ത്രിമാരില്‍ നിന്ന് ലഭിച്ചത് അവഗണന മാത്രം.
വേതന വര്‍ധന, സമയബന്ധിതമായ വേതനലഭ്യത. വേതന കാലതാമസത്തിന് നഷ്ടപരിഹാരം, തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തൊളിലാളികള്‍ ഉന്നയിച്ചത്. ഒന്നിനും ഒരുറപ്പും ലഭിക്കാതെയാണ് സമരം അവസാനിച്ചത്. എങ്കിലും പദ്ധതിയെ പടിപടിയായി കൊല്ലാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങളെ എന്ത് വിലകൊടുത്തും പ്രതിരോധിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് 13 സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികള്‍ പിരിഞ്ഞത്.