മതേതരത്വം എന്ന വാക്ക് പെരുംനുണ, ഒരു സമൂഹത്തിനും മതേതരമാകാനാവില്ല: യോഗി
|ഇന്ത്യ സ്വാതന്ത്രയായ കാലം തൊട്ട് ഉപയോഗിക്കുന്ന മതേതരം എന്ന വാക്ക് വലിയൊരു നുണയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഇന്ത്യ സ്വാതന്ത്രയായ കാലം തൊട്ട് ഉപയോഗിക്കുന്ന മതേതരം എന്ന വാക്ക് വലിയൊരു നുണയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതേതരത്വം പ്രചരിപ്പിക്കുന്നവര്‍ രാജ്യത്തോട് മാപ്പ് പറയണം. ഒരു സമൂഹത്തിനും മതേതരമാകാനാവില്ലെന്നും യോഗി ആവശ്യപ്പെട്ടു.
ഛത്തിസ്ഗഡിലെ റായ്പൂരില്‍ സംസാരിക്കുമ്പോഴാണ് യോഗി വിവാദ പരാമര്‍ശം നടത്തിയത്. 55 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണമാണ് രാജ്യത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. കോണ്‍ഗ്രസ് രാഷ്ട്രീയലാഭത്തിനായി പ്രീണന തന്ത്രം സ്വീകരിച്ചു. രാജ്യത്ത് ഭീകരവാദം വളരാന്‍ കോണ്‍ഗ്രസിന്റെ നയങ്ങള്‍ കാരണമായി. കോണ്‍ഗ്രസ് വരുത്തിവെച്ച പ്രശ്നങ്ങള്‍ പരിഹരിച്ച് ബിജെപി സര്‍ക്കാര്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയാണെന്നും യോഗി അവകാശപ്പെട്ടു.
മതം, ജാതി, വിശ്വാസം തുടങ്ങിയവയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുക എന്നത് ബിജെപിയുടെ നയമല്ല. ഈ രാജ്യത്തെ ഒരു കുടുംബമായാണ് ബിജെപി കാണുന്നത്. രാമരാജ്യം ലോകത്തിനാകെ മാതൃകയായ ഭരണമാണ്. രാമരാജ്യത്തില്‍ ഭിന്നിപ്പോ ഭയമോ വേദനയോ പട്ടിണിയോ ഇല്ലെന്ന് പറഞ്ഞ യോഗി മോദി ഭരണത്തെ രാമരാജ്യത്തോട് താരതമ്യം ചെയ്യുകയും ചെയ്തു.
അതേസമയം മോദി ഭരണത്തെ രാമരാജ്യത്തോട് ഉപമിച്ച യോഗിയാണ് പെരുംനുണ പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ തിരിച്ചടിച്ചു.