India
മഹാരാഷ്ട്ര സംഘര്‍ഷം: ജിഗ്നേഷ് മേവാനിക്കും ഒമര്‍ ഖാലിദിനുമെതിരെ കേസെടുത്തുമഹാരാഷ്ട്ര സംഘര്‍ഷം: ജിഗ്നേഷ് മേവാനിക്കും ഒമര്‍ ഖാലിദിനുമെതിരെ കേസെടുത്തു
India

മഹാരാഷ്ട്ര സംഘര്‍ഷം: ജിഗ്നേഷ് മേവാനിക്കും ഒമര്‍ ഖാലിദിനുമെതിരെ കേസെടുത്തു

Sithara
|
30 May 2018 12:32 AM GMT

സംഘര്‍ഷം വ്യാപിപ്പിച്ചതില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്

മഹാരാഷ്ട്രയിലെ ദലിത് - മറാഠി വിഭാഗങ്ങള്‍ തമ്മിലുളള സംഘര്‍ഷത്തിന്റെ പേരില്‍ ദലിത് നേതാവ് ജിഗ്നേഷ് മേവാനിക്കും ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനുമെതിരെ പൊലീസ് കേസെടുത്തു. സംഘര്‍ഷം വ്യാപിപ്പിച്ചുവെന്ന് ആരോപിച്ചാണ് പൊലീസ് നടപടി. മുംബൈയില്‍ ഇരുവരും പങ്കെടുക്കാനിരുന്ന പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചു.

മഹാരാഷ്ട്രയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുളള സംഘര്‍ഷം വ്യാപിപ്പിക്കുന്നതില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജിഗ്നേഷ് മേവാനിക്കും ഉമര്‍ ഖാലിദിനുമെതിരെ കേസെടുത്തത്. പ്രസ്താവനകളിലൂടെയും മറ്റ് ഇടപെടലുകളിലൂടെയും ഇരുവരും സംഘര്‍ഷം ആളിക്കത്തിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. അതിനിടെ ഇരുവരും ഇന്ന് പങ്കെടുക്കാനിരുന്ന മുംബൈയിലെ പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഇന്ത്യാ സ്റ്റുഡന്റ് സമ്മിറ്റിനാണ് പൊലീസ് അനുമതി നിഷേധിച്ചത്. പരിപാടിക്ക് അനുമതി നിഷേധിച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് ഒഴിവാക്കി.

മഹാരാഷ്ട്രാ സംഘര്‍ഷത്തില്‍ പ്രതിപക്ഷ ആവശ്യപ്രകാരം രാജ്യസഭയില്‍ ഹ്രസ്വചര്‍ച്ച നടന്നു. സംഘര്‍ഷത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ടെന്നും ഇതിനായി പ്രത്യേക അന്വേഷണ കമ്മീഷനെ രൂപീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അക്രമം നിയന്ത്രിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടതായി ശിവസേനയും കുറ്റപ്പെടുത്തി.

അതേസമയം മഹാരാഷ്ട്രാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 300ല്‍ അധികമാളുകളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിനിടെ ദലിത് വിഭാഗത്തിനെതിരായ ആക്രമണത്തിനെതിരെ ഗുജറാത്തിലേക്കും പ്രതിഷേധം വ്യാപിച്ചു. പ്രതിഷേധക്കാര്‍ ദേശീയപാതയും റെയില്‍പാതയും ഉപരോധിച്ചു.

Similar Posts