രാംദേവ് മുഖ്യാതിഥിയായ കാന്‍സര്‍ കോണ്‍ഫറന്‍സില്‍ നിന്ന് അമേരിക്കന്‍ സ്പോണ്‍സര്‍ പിന്മാറി
|പരിപാടി ഉദ്ഘാടനം ചെയ്യുന്നത് യോഗ ഗുരു ബാബാ രാംദേവാണെന്ന് അറിഞ്ഞതിന് പിന്നാലെയാണ് അമേരിക്കയിലെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തങ്ങള്‍ പരിപാടിയുടെ സ്പോണ്‍സറല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.
മദ്രാസ് ഐഐടി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കാന്‍സര്‍ കോണ്‍ഫറന്‍സിന്‍റെ സ്പോണ്‍സര്‍ പിന്മാറി. പരിപാടി ഉദ്ഘാടനം ചെയ്യുന്നത് യോഗ ഗുരു ബാബാ രാംദേവാണെന്ന് അറിഞ്ഞതിന് പിന്നാലെയാണ് അമേരിക്കയിലെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ചത്.
ടെക്സാസില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡേഴ്സണ്‍ കാന്‍സര്‍ സെന്‍റര്‍ എംഡി ട്വീറ്റിലൂടെയാണ് പരിപാടിയുടെ സ്പോണ്‍സര്‍മാരല്ലെന്ന് അറിയിച്ചത്. അനുവാദമില്ലാതെ സ്ഥാപനത്തിന്‍റെ പേരും ലോഗോയും സംഘാടകര്‍ ഉപയോഗിച്ചെന്നും എംഡി ആരോപിച്ചു. സ്ഥാപനത്തിലെ ഫാക്കല്‍റ്റിമാരായ വര്‍ഷ ഗാന്ധിയും സെന്‍ പഥകും സ്ഥാപനത്തെ പ്രതിനിധീകരിച്ചല്ല, വ്യക്തിപരമായാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും വ്യക്തമാക്കി.
പ്രമുഖ ക്യാന്‍സര്‍ വിദഗ്ധരും ഗവേഷകരും പങ്കെടുക്കുന്ന ചടങ്ങിലാണ് രാംദേവിനെ മുഖ്യാതിഥിയായി ക്ഷണിച്ചത്. യോഗ ചെയ്ത് ആയിരത്തോളം കാന്‍സര്‍, എയ്ഡ്സ് രോഗികളുടെ അസുഖം ഭേദമായെന്ന് ഉള്‍പ്പെടെ ശാസ്ത്രീയ അടിത്തറയില്ലാത്ത അവകാശവാദങ്ങള്‍ രാംദേവ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ ജന്മത്തില്‍ ചെയ്ത പാപങ്ങളുടെ ഫലമായാണ് കാന്‍സറുണ്ടാകുന്നതെന്ന അസം ആരോഗ്യമന്ത്രിയുടെ അഭിപ്രായത്തെ രാംദേവ് പിന്തുണച്ചതും വിവാദമായിരുന്നു. ഇത്തരം നിലപാടുകളുള്ള ഒരാളെ മുഖ്യാതിഥിയാക്കിയതിലെ വിയോജിപ്പാണ് അമേരിക്കന്‍ കമ്പനിയുടെ പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന.