കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളി തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാനൊരുങ്ങി യെദിയൂരപ്പ
|കര്‍ഷകരുടെ ഒരുലക്ഷം രൂപവരെയുള്ള ലോണുകള്‍ എഴുതിതള്ളുന്നത് സംബന്ധിച്ചുള്ള സാധ്യതകള്‍ അന്വേഷിക്കാന്‍ യെദിയൂരപ്പ റവന്യൂ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഗവര്‍ണ്ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തപ്പോള്‍ ദൈവത്തിന്റെയും കര്‍ഷകരുടെയും നാമത്തിലായിരുന്നു കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തത്.
സത്യപ്രതിജ്ഞാ വേളയില്‍ ഒരു പച്ച ഷാളും അദ്ദേഹം ധരിച്ചിരുന്നു. താന്‍ കര്‍ഷകരുടെ മുഖ്യമന്ത്രിയാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയായിരുന്നു അതിലൂടെ അദ്ദേഹം ലക്ഷ്യം വെച്ചത്. ഷര്‍ട്ടും മുണ്ടും അല്ലെങ്കില്‍ ദോത്തിയും ഖദര്‍ ഷര്‍ട്ടുമാണ് സാധാരണയായി കേരളവും കര്‍ണാടകയും തമിഴ്‍നാടുമടങ്ങുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നേതാക്കളുടെ പൊതുവേഷങ്ങള്‍ എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തനായി സഫാരി സ്യൂട്ട് ധരിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന നേതാവാണ് യെദിയൂരപ്പ. അതിന് മുകളിലായാണ് സത്യപ്രതിജ്ഞാ വേളയില്‍ പച്ചഷാള്‍ പുതച്ചത്.
ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങ് നീണ്ടുനിന്നത് 10 മിനിറ്റ് മാത്രമാണ്. തൊട്ടുടനെ മന്ത്രിസഭാ യോഗവും ചേര്‍ന്ന് കാര്‍ഷിക കടം എഴുത്തിത്തള്ളാന്‍ തീരുമാനവുമെടുത്തു. ഒന്നര ലക്ഷം കോടി രൂപയുടെ കര്‍ഷക കടം എഴുതിത്തള്ളുമെന്നായിരുന്നു യെദിയൂരപ്പയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. കര്‍ഷകരുടെ ഒരുലക്ഷം രൂപവരെയുള്ള ലോണുകള്‍ എഴുതിതള്ളുന്നത് സംബന്ധിച്ചുള്ള സാധ്യതകള്‍ അന്വേഷിക്കാന്‍ യെദിയൂരപ്പ റവന്യൂ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.