India
മോദിക്കായി പ്രസംഗം എഴുതി നല്‍കുന്നത് ആരൊക്കെ ?മോദിക്കായി പ്രസംഗം എഴുതി നല്‍കുന്നത് ആരൊക്കെ ?
India

മോദിക്കായി പ്രസംഗം എഴുതി നല്‍കുന്നത് ആരൊക്കെ ?

Alwyn
|
30 May 2018 3:21 AM GMT

സ്വന്തം നാട്ടിലാണെങ്കിലും വിദേശ രാജ്യങ്ങളിലാണെങ്കിലും നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രിയുടെയും രാഷ്ട്രീയ നേതാവിന്റെയും പ്രസംഗങ്ങള്‍ നിര്‍ണായക ശക്തിയാണ്.

സ്വന്തം നാട്ടിലാണെങ്കിലും വിദേശ രാജ്യങ്ങളിലാണെങ്കിലും നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രിയുടെയും രാഷ്ട്രീയ നേതാവിന്റെയും പ്രസംഗങ്ങള്‍ നിര്‍ണായക ശക്തിയാണ്. വാഷിങ്ടണ്‍ ഡിസിയില്‍ മോദി നടത്തിയ തീപ്പൊരി പ്രസംഗത്തെ അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകര്‍ പോലും അംഗീകരിച്ചുപോകും. യുഎസ് കോണ്‍ഗ്രസിലെ പ്രസംഗത്തിന് കിട്ടിയ കരഘോഷങ്ങള്‍ തന്നെ അതിനുള്ള തെളിവാണ്. കേള്‍വിക്കാരെ ആവേശം കൊള്ളിക്കുന്ന ഈ വാക് ചാതുരി മോദിക്ക് എങ്ങനെ സാധ്യമാകുന്നുവെന്ന് ചിന്തിക്കുന്നവരുണ്ടാകും. ഭാഷയെ അനായാസം മെരുക്കുന്ന മോദി മാജിക് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമുണ്ട്. മോദിയുടെ വായില്‍ വാക്കുകള്‍ തിരുകികയറ്റുന്നവരാണ് യഥാര്‍ഥത്തില്‍ ഈ കയ്യടിക്ക് കാരണക്കാര്‍. ലളിതമായി പറഞ്ഞാല്‍ രഞ്ജി പണിക്കര്‍ സംഭാഷണങ്ങള്‍ മമ്മൂട്ടിയും സുരേഷ് ഗോപിയുമൊക്കെ മനപാഠമാക്കി പ്രയോഗിക്കുമ്പോഴുണ്ടാകുന്ന വ്യക്തിപ്രഭാവം തന്നെയാണ് ഇവിടെ മോദിക്കും ലഭിക്കുന്നത്.

വിവിധ സ്രോതസുകള്‍ ഒന്നായി ചേരുമ്പോഴാണ് മോദിയുടെ പ്രസംഗങ്ങളുടെ സൃഷ്ടിപ്രക്രിയ പൂര്‍ത്തിയാകുന്നത്. വിവിധ പാര്‍ട്ടി യൂണിറ്റുകള്‍, മന്ത്രാലയങ്ങള്‍, വിഷയ വിദഗ്ധര്‍, വിദേശ ഇന്ത്യക്കാരുടെ അസോസിയേഷനുകള്‍, പിന്നെ മോദിയുടെ സ്വന്തം ടീം... ഇവരൊക്കെ ചേരുന്നിടത്താണ് വാക്കുകളെ തീപ്പൊരിയാക്കുന്ന വിദ്യ തെളിയുന്നത്. തിരക്കഥയും സംഭാഷണവും മറ്റുള്ളവരുടേതെങ്കിലും കയ്യടി കിട്ടുന്നത് മോദിക്ക്. ശക്തമായ കഥാപാത്രങ്ങളുടെ അഭിനയപൂര്‍ണതക്കായി കേള്‍വിക്കാരിലേക്ക് തുളച്ചുകയറുന്ന ശബ്ദം നല്‍കുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് കിട്ടുന്ന പരസ്യ അംഗീകാരം മോദിക്കായി സംഭാഷണം രചിക്കുന്നവര്‍ പ്രതീക്ഷിക്കുന്നില്ല. അതെല്ലാം മോദിയുടെ വ്യക്തപ്രഭാവമെന്ന നിലക്കാണ് കേള്‍വിക്കാരിലേക്ക് എത്താറുള്ളതെന്ന് സാമൂഹിക ശാസ്ത്രജ്ഞനായ ശിവ് വിശ്വനാഥന്‍ പറയുന്നു. മോദിയുടെ പ്രതിച്ഛായെക്കുറിച്ച് പഠനം നടത്തുന്നവരില്‍ പ്രമുഖനാണ് ശിവ്. അമേരിക്കന്‍ നേതാക്കളായ ഫ്രാങ്ക്‍ലിന്‍ ഡെലേനോ റൂസ്‍വെല്‍റ്റ്, ജോണ്‍ എഫ് കെന്നഡി, റിച്ചാര്‍ഡ് നിക്സന്‍, റൊണാള്‍ഡ് റീഗന്‍, ബരാക് ഒബാമ എന്നിവര്‍ക്കെല്ലാം തന്നെ സ്വന്തം പ്രസംഗരചയിതാക്കള്‍ ഉണ്ടായിരുന്നു. അവരെല്ലാം പ്രശസ്തരായിരുന്നു താനും. എന്നാല്‍ ഇന്ത്യയിലെ നേതാക്കള്‍ക്കും അവര്‍ക്ക് വേണ്ടി പുസ്തകങ്ങളും പ്രസംഗങ്ങളുമെല്ലാം എഴുതി നല്‍കാന്‍ നിയോഗിക്കപ്പെട്ടവരുണ്ട്. എന്നാല്‍ അവരൊന്നും പരസ്യപ്പെടാറില്ല എന്നു മാത്രം. അതല്ലെങ്കില്‍ സ്വന്തം ഭാഷയും പ്രസംഗവുമല്ല എന്ന് സമ്മതിച്ചുതരാന്‍ നേതാക്കള്‍ തയാറാകാറില്ലെന്നും പറയാം.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന ലേബല്‍ കിട്ടുന്നതിനു മുമ്പ് 2013 ലെ സ്വാതന്ത്ര്യദിനത്തില്‍ മോദി നടത്തിയ തീപ്പൊരി പ്രസംഗം അദ്ദേഹത്തിനുണ്ടാക്കിയ പ്രതിച്ഛായ പ്രതീക്ഷിച്ചതിലും വലുതായിരുന്നു. മന്‍മോഹന്‍ സിങിന്റെ പ്രസംഗത്തോട് ആയിരുന്നു ഇതിനെ പലരും ഉപമിച്ചത്. മന്‍മോഹന്‍ നല്ലൊരു പ്രാസംഗികനല്ല. എന്നാല്‍ സ്ഥിരമായി സംവദിക്കുന്നയാള്‍ ആയിരുന്നു. യുപിഎ സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ ഭരണകാലയളവിനുള്ളില്‍ മന്‍മോഹന്‍ എഴുതിയത് ആയിരത്തിലേറെ പ്രസംഗങ്ങളായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ് ബാറു പറയുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‍പേയിക്ക് പ്രസംഗങ്ങള്‍ എഴുതി നല്‍കിയിരുന്നത് സുധീന്ദ്ര കുല്‍ക്കര്‍ണിയായിരുന്നു. വിഷയവും സാഹചര്യവും വേദിയും മറ്റ് ആശയങ്ങളും നിര്‍ദേശങ്ങളുമെല്ലാം വാജ്‍പേയ് നല്‍കുമായിരുന്നു. അതിനനുസരിച്ച് ആയിരുന്നു പ്രസംഗങ്ങള്‍ തയാറാക്കിയിരുന്നതെന്ന് കുല്‍ക്കര്‍ണി പറയുന്നു. പ്രസംഗം എഴുതി നല്‍കുമ്പോള്‍ പോലും അത് മികച്ച രീതിയില്‍ അവതരിപ്പിക്കാനും കേള്‍വിക്കാരില്‍ ആവേശം നിറക്കാനും കഴിയുമ്പോഴാണ് പൂര്‍ണഫലം ലഭിക്കുകയെന്നും ഈ രംഗം നിരീക്ഷിക്കുന്നവരില്‍ പ്രമുഖര്‍ പറയുന്നു.

Similar Posts