ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
|കുറച്ച് ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അണുബാധക്കുള്ള ചികിത്സ പുരോഗമിക്കുകയാണെന്നും ജയലളിതയെ പ്രവേശിപ്പിച്ചിട്ടുള്ള ചെന്നൈ അപ്പോളോ ഹോസ്പിറ്റല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയലളിതയുടെ ആരോഗ്യനിലയെപ്പറ്റി ഏറെ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ആശുപത്രി അധികൃതര്‍ വിശദമായ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്. ജയലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. ശരീരം ചികിത്സയോട് പ്രതികരിക്കുന്നുണ്ട്. ലണ്ടനില്‍ നിന്നെത്തിയ ഡോക്ടര്‍ ജോണ്‍ റിച്ചാർഡ് ബെയ്‌ലിയുടെ നിര്‍ദേശപ്രകാരം ജയലളിതക്ക് ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്നുണ്ടെന്നും അണുബാധക്കുള്ള ചികിത്സ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പനിയും നിര്‍ജ്ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ജയലളിതക്ക് അണുബാധയുണ്ടെന്ന് ഇതാദ്യമായാണ് ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുന്നത്. കുറച്ചുദിവസങ്ങള്‍ കൂടി ജയലളിതക്ക് ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നും ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.
പൂജയും പ്രാര്‍ഥനകളുമായി ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയ എഐഡിഎംകെ പ്രവര്‍ത്തകര്‍ക്ക് ആശ്വാസവും പ്രതീക്ഷയും പകരുന്നതാണ് മെഡിക്കല്‍ ബുള്ളറ്റിന്‍. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ആശുപത്രിവാസം തടസ്സമാകില്ലെന്ന് എഐഡിഎംകെ നേതാക്കള്‍ ആവര്‍ത്തിച്ചു. മന്ത്രിമാരും മറ്റ് പാര്‍ട്ടി നേതാക്കളും എന്നും ആശുപത്രിയിലെത്തുന്നുണ്ട്.