തരുണ്‍ തേജ്പാലിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി
|സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി.
സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി. ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളും ചുമത്തി. നവംബര്‍ 21നാണ് ഗോവ കോടതി കേസ് പരിഗണിക്കുക.
2013ല്‍ ഗോവയില്‍ തെഹല്‍ക സംഘടിപ്പിച്ച കോണ്‍ഫറന്‍സിനിടെ ഹോട്ടലിലെ ലിഫ്റ്റില്‍ വച്ച് തരുണ്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു സഹപ്രവര്‍ത്തകയുടെ പരാതി. തുടര്‍ന്ന് മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരിക്ക് പെണ്‍കുട്ടി പരാതി നല്‍കി. വൈകാതെ പരാതിക്കാരി തെഹല്‍കയില്‍ നിന്ന് രാജിവെച്ചു. തുടര്‍ന്ന് എഡിറ്റര്‍ സ്ഥാനം തരുണ്‍ തേജ്പാലും ഒഴിഞ്ഞു. 2013 നവംബര്‍ 30നാണ് തേജ്പാല്‍ അറസ്റ്റിലായത്. 2014 ജൂലൈയില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങി.
2684 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഹോട്ടലിലെ സിസിടിവിയില്‍ നിന്നും സഹപ്രവര്‍ത്തകയുടെ പരാതി സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കി. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും ബിജെപി പകപോക്കുകയാണെന്നും തേജ്പാല്‍ വാദിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.