സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രസഹായം ഔദാര്യമല്ല, പോയി ഭരണഘടന വായിക്കൂ; മോദിയോട് സിദ്ധരാമയ്യ
|കേന്ദ്ര സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രത്തിന്റെ ഒരു സഹായവും ലഭിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെല്ലുവിളിക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മറുപടി
കേന്ദ്ര സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രത്തിന്റെ ഒരു സഹായവും ലഭിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെല്ലുവിളിക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മറുപടി. ഭരണഘടന ശരിക്ക് മനസ്സിലാവാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന സഹായം ഔദാര്യമല്ല. അത് സംസ്ഥാനങ്ങളുടെ അവകാശമാണെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
എവിടെ നിന്നാണ് കേന്ദ്ര സര്‍ക്കാരിന് പണം ലഭിക്കുന്നത്? സംസ്ഥാനങ്ങളുടെ നികുതി പണമാണത്. ഫെഡറല്‍ സംവിധാനമാണ് രാജ്യത്തുള്ളതെന്ന് പ്രധാനമന്ത്രി മനസ്സിലാക്കണം. കേന്ദ്രത്തിന് തോന്നുന്നതുപോലെ തീരുമാനങ്ങളെടുക്കാന്‍ സാധ്യമല്ലെന്നും സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി.
ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാത്ത ഇലക്ഷന്‍ കമ്മീഷന്‍ നടപടിയെ വിമര്‍ശിച്ച കോണ്‍ഗ്രസിന് മറുപടി നല്‍കവേയാണ് മോദി വിവാദ പരാമര്‍ശം നടത്തിയത്- "അവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിക്കാനുള്ള ഒരവകാശവും ഇല്ല. അതുപോലെതന്നെ കേന്ദ്രത്തിന്റെ വികസനപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ഒരു സഹായവും ലഭിക്കുകയുമില്ല" എന്നായിരുന്നു ആ വിവാദ പരാമര്‍ശം.