ജാതിവിവേചനം: ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ മാത്രം 10 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 9 ദലിത് വിദ്യാര്‍ഥികള്‍
|രോഹിത് വെമുല ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ആദ്യ ദലിത് വിദ്യാര്‍ഥിയല്ല. ജാതിവിവേചനമാണ് വിദ്യാര്‍ഥികളെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നു.
രോഹിത് വെമുല ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ആദ്യ ദലിത് വിദ്യാര്‍ഥിയല്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഒമ്പത് ദലിത് വിദ്യാര്‍ഥികളാണ് ഇവിടെ ആത്മഹത്യ ചെയ്തത്. ജാതിവിവേചനമാണ് വിദ്യാര്‍ഥികളെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നു.
രോഹിതിന് മുന്‍പ് എട്ട് ദലിത് കുട്ടികളാണ് ഇവിടെ ആത്മഹത്യ ചെയ്തത്. എട്ട് എന്നത് ഒരു ചെറിയ സംഖ്യയല്ല. എന്നിട്ടും ദലിതര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അധികൃതര്‍ കണ്ടില്ലെന്ന് നടിച്ചു. ഒമ്പതാമതായി രോഹിത് കൂടി ജീവന്‍ വെടിയേണ്ടിവന്നു ദലിതര്‍ നേരിടുന്ന പാര്‍ശ്വവല്‍ക്കരണം തുറന്നുകാട്ടാന്‍- ക്യാമ്പസിലെ സ്റ്റുഡന്‍റ്സ് യൂണിയന്‍ പ്രസിഡന്‍റ് സുഹൈല്‍ പറഞ്ഞു.
ദലിത് വിദ്യാര്‍ഥികളെ മനുഷ്യരായി കാണാനുള്ള മനസ് പോലും വരേണ്യ വിഭാഗത്തില്‍പ്പെട്ട സഹപാഠികള്‍ക്ക് ഇല്ല. കളിയാക്കിയും അവഹേളിച്ചും അവരെ ഇരകളാക്കുകയാണ്. രാജ്യത്തിന് തന്നെ നാണക്കേടാണിത്. ജന്മിത്വ മനോഭാവത്തിന് മാറ്റം വന്നില്ലെങ്കില്‍ രാജ്യത്തിന് പുരോഗതിയുണ്ടാവില്ല- മുന്‍ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു ഫേസ് ബുക്കില്‍ കുറിച്ചു.
അവഹേളനവും സാമ്പത്തിക ഞെരുക്കവുമാണ് പഠനം പാതി വഴിയില്‍ ഉപേക്ഷിക്കാനോ ജീവിതം അവസാനിപ്പിക്കാനോ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നതെന്നത് വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നു. ഫെലോഷിപ്പുകള്‍ വൈകുന്നതും മാറ്റും കുട്ടികളെ പ്രതിസന്ധിയിലാക്കുന്നു. 2013ല്‍ വെങ്കടേഷ്, 2008ല്‍ സെന്തില്‍ കുമാര്‍ എന്നിങ്ങനെ നീളുകയാണ് ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ഥികളുടെ പട്ടിക.