വിവാദ ഓര്‍ഡിനന്‍സ് രാജസ്ഥാന് സര്‍ക്കാര്‍ പിന്‍വലിച്ചു
|പ്രതിപക്ഷ പാര്‍ട്ടികളുടേയും മാധ്യമപ്രവര്‍ത്തകരുടേയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഓര്‍ഡിനന്‍സ് നേരത്തെ സെലക്റ്റ് കമ്മിറ്റിക്ക് വിട്ടിരുന്നു
വിവിധകേസുകളില്‍ ആരോപണവിധേയരായവരെ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയുള്ള വിവാദ ഓര്‍ഡിനന്‍സ് രാജസ്ഥാന് സര്‍ക്കാര്‍ പിന്‍വലിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടേയും മാധ്യമപ്രവര്‍ത്തകരുടേയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഓര്‍ഡിനന്‍സ് നേരത്തെ സെലക്റ്റ് കമ്മിറ്റിക്ക് വിട്ടിരുന്നു. ബജറ്റിന്മേല് നടത്തിയ ചര്‍ച്ചക്കുള്ള മറുപടിയിലാണ് ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതായി മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യ അറിയിച്ചത്.
അഴിമതിയടക്കമുള്ള കേസുകളില്‍ ആരോപണവിധേയരാകുന്നവര്ക്കെതിരെ അന്വേഷണം നടത്തുന്നതിനും വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും നിയന്ത്രണമേര്പ്പെടുത്തികൊണ്ടാണ് രാജസ്ഥാന് സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് ഇറക്കിയത്. ആരോപണവിധേയരാവുന്ന ജഡ്ജിമാര്‍, മജിസ്ട്രേറ്റുമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെകുറിച്ച് അന്വേഷണം നടത്തണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് ക്രിമിനല്‍ നടപടി ചട്ടം ഭേദഗതിചെയ്തുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. സി.ആര്.പി.സിയിലെ 156, 190 വകുപ്പുകള്‍ ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന് ഹൈക്കോടതിയെ മുതിര്‍ന്ന അഭിഭാഷകന് സമീപിക്കുകയും ചെയ്തിരുന്നു.