ഡൽഹി എകെജി ഭവന് മുന്നിൽ കെ കെ രമ കുത്തിയിരിപ്പ് സമരം നടത്തി
|ഫാസിസത്തിനും അസഹിഷ്ണുതക്കുമെതിരെ സി പി എം കേന്ദ്ര നേതൃത്വം നിലപാട് കടുപ്പിക്കുമ്പോള്‍ കേരളത്തിലെ നേതൃത്വം അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് കെ കെ രമ
ഡൽഹി എകെജി ഭവന് മുന്നിൽ ആർഎംപി കേന്ദ്ര കമ്മിറ്റി അംഗം കെ കെ രമ കുത്തിയിരിപ്പ് സമരം നടത്തി. ഒഞ്ചിയത്തെ സിപിഎം അക്രമങ്ങള്‍ക്കെതിരെ ദേശീയ ശ്രദ്ധയാകർഷിക്കാനായിരുന്നു സമരം.
ഒഞ്ചിയത്ത് ആർഎംപി പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ആർഎംപി കേന്ദ്ര കമ്മിറ്റി അംഗം കെ കെ രമ പ്രതിഷേധവുമായി എകെജി ഭവന് മുന്നില്‍ എത്തിയത്. സംസ്ഥാനത്ത് പ്രവർത്തന സ്വാതന്ത്ര്യവും ജീവിത സുരക്ഷിതത്വവും ഉറപ്പാക്കണം, അസഹിഷ്ണുതക്കും ഫാസിസ്റ്റ് പ്രവണതക്കും എതിരായി രാജ്യത്താകമാനം പ്രചാരണം നടത്തുന്ന സിപിഎം കേന്ദ്ര നേത്യത്വം സംസ്ഥാനത്തെ ആക്രമണങ്ങളിൽ നിലപാട് വ്യക്തമാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
ടിപി വധത്തിൽ കേന്ദ്രം നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണം. പൊതുരംഗത്തുള്ള സ്ത്രീകളെ സാമൂഹ്യ മാധ്യമങ്ങൾ വഴി സദാചാരം പറഞ്ഞ് നിശബ്ദമാക്കുന്ന സിപിഎം രീതിയിൽ ബൃന്ദ കാരാട്ട് മറുപടി പറയണമെന്നും രമ ആവശ്യപ്പെട്ടു. രമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വനിതാദിനത്തിൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കമെന്ന് ജനറൽ സെക്രട്ടറി മങ്കത്ത് റാംപസ് അറിയിച്ചു. ജെഎൻയു വിദ്യാർത്ഥികളും രമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു.