India
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം: പ്രതിപക്ഷ തീരുമാനം ഇന്ന്സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം: പ്രതിപക്ഷ തീരുമാനം ഇന്ന്
India

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം: പ്രതിപക്ഷ തീരുമാനം ഇന്ന്

Khasida
|
31 May 2018 7:08 PM GMT

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ നീക്കം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തില്‍ തുടര്‍ നടപടി സംബന്ധിച്ച് പ്രതിപക്ഷം ഇന്ന് തീരുമാനമെടുത്തേക്കും. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ രാജ്യസഭയിലാണ് ഇംപീച്ച്മെന്‍റ് പ്രമേയം കൊണ്ടുവരാന്‍ നീക്കം നടക്കുന്നത്. ലോക്സഭയില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രമേയങ്ങളും പരിഗണനക്ക് വരും.

സഭാ നടപടികള്‍ ആരംഭിക്കും മുന്‍പ് ചേരുന്ന പ്രതിപക്ഷ നേതൃയോഗം ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയ അവതരണം ചര്‍ച്ച ചെയ്യും. ഉപരാഷ്ട്രപതി വെങ്കയ്യ നായിഢുവിന് നോട്ടീസ് നല്‍കുന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമുണ്ടായേക്കും. നോട്ടീസ് പരിഗണിക്കാന്‍‌ 50 അംഗങ്ങളുടെ പിന്തുണ രാജ്യസഭയില്‍ ഇതിനകം പ്രതിപക്ഷം ഉറപ്പാക്കിയിട്ടുണ്ട്. നോട്ടീസ് ലഭിച്ചാല്‍ തള്ളാനും സ്വീകരിക്കാനും ഉപരാഷ്ട്രപതിക്ക് അധികാരമുണ്ട്. നിലവില്‍ കോണ്‍ഗ്രസിന് പുറമെ എന്‍സിപി, ആര്‍ജെഡി, ടിഎംസി, ഇടതുപാര്‍ട്ടികള്‍ തുടങ്ങിയവ ഇംപീച്ച്മെന്‍റ് നീക്കത്തിന് പിന്തുണക്കുന്നുണ്ട്. എന്നാല്‍ ബിജെഡിയും അണ്ണാ ഡിഎംകെയും ഈ നീക്കത്തിനൊപ്പമില്ല. ഇത്തരം സാഹചര്യങ്ങളും പ്രതിപക്ഷ നേതൃത്വം വിലയിരുത്തും.

ലോക്സഭയില്‍ കേന്ദ്രത്തിനെതിരായ ആറ് അവിശ്വാസ പ്രമേയങ്ങള്‍ ഇന്ന് പരിഗണനക്ക് വരും. ലോക്സഭയില്‍ ടിഡിപി, വൈഎസ് ആര്‍ പാര്‍ട്ടികള്‍ക്ക് പുറമെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സഭ പ്രക്ഷുബ്ധമായിരുന്നതിനാല്‍ ഇവ പരിഗണിക്കാന്‍ കഴിഞ്ഞിരുന്നില്ല. കാവേരി വിഷയത്തിലെ അണ്ണാ ഡിഎംകെ അംഗങ്ങളുടെ ബഹളമായിരുന്നു സഭാ നടപടികളെ പ്രധാനമായും തടസ്സപ്പെടുത്തിയിരുന്നത്.

Related Tags :
Similar Posts