രാജ്യം പ്രതികരിക്കും; പെണ്ണല്ലേ, ബുദ്ധികാണില്ലെന്ന പരിഹാസത്തിന് കത്‍വ അന്വേഷണ ഉദ്യോഗസ്ഥയുടെ മറുപടി
|പ്രതികളെ സംരക്ഷിക്കാന്‍ പ്രകോപനപരമായ പ്രതിഷേധങ്ങള്‍ നടന്നതിനാല്‍ മൊഴി രേഖപ്പെടുത്തുന്നതും തെളിവുകള്‍ ശേഖരിക്കുന്നതും എളുപ്പമായിരുന്നില്ലെന്ന് ശ്വേതാംബരി ശര്‍മ്മ
തന്നെ പരിഹസിച്ച പ്രതിഭാഗം അഭിഭാഷകന് രാജ്യത്തെ ജനങ്ങള്‍ മറുപടി കൊടുക്കുമെന്ന് കത്‍വ കേസന്വേഷണ സംഘത്തിലെ ഏക വനിതാ ഓഫീസറായ ശ്വേതാംബരി ശര്‍മ്മ. ഒരു സ്ത്രീയാണെന്ന കാരണത്താല്‍ ബുദ്ധിശക്തി ചോദ്യം ചെയ്യപ്പെടുന്നത് വേദനാജനകമാണ്. ഇത്തരം പുരുഷ മേല്‍ക്കോയ്മാ മനോഭാവത്തിന് താന്‍ എന്ത് മറുപടിയാണ് നല്‍കേണ്ടത്? ഇത്തരം പരാമര്‍ശങ്ങള്‍ക്ക് രാജ്യം മറുപടി നല്‍കുമെന്ന് ശ്വേതാംബരി ശര്‍മ വ്യക്തമാക്കി.
"അവള്‍ വെറുമൊരു പെണ്ണാണ്. കേസ് തെളിയിക്കാനുള്ള ബുദ്ധിയൊന്നുമില്ല, മാത്രമല്ല പുതിയ ഓഫീസറുമാണ്" എന്ന പ്രതിഭാഗം അഭിഭാഷകനായ അങ്കൂര്‍ ശര്‍മ്മയുടെ പരിഹാസത്തിനാണ് ശ്വേതാംബരി ശര്‍മ മറുപടി നല്‍കിയത്. കേസന്വേഷണത്തിനിടെ താന്‍ നേരിട്ട പ്രതിസന്ധികളും അവര്‍ വിശദീകരിച്ചു.
പ്രതികളെ സംരക്ഷിക്കാന്‍ പ്രകോപനപരമായ പ്രതിഷേധങ്ങള്‍ നടന്നതിനാല്‍ മൊഴി രേഖപ്പെടുത്തുന്നതും തെളിവുകള്‍ ശേഖരിക്കുന്നതും എളുപ്പമായിരുന്നില്ല. അന്വേഷണത്തിന്‍റെ തുടക്കത്തില്‍ അസ്വസ്ഥയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തികഞ്ഞ സംതൃപ്തിയുണ്ട്. നമ്മുടെ നിയമ സംവിധാനം ആ ചെറിയ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കുമെന്നും ശ്വേതാംബരി ശര്‍മ്മ പറഞ്ഞു.