പൊടിക്കാറ്റ് അടങ്ങിയ ചൂട് പുറത്ത്; അകത്ത് തീപാറുന്ന വാദപ്രതിവാദങ്ങളുടെ ചൂട്
|സുപ്രീം കോടതിയ്ക്കകത്തും പുറത്തും ചൂടായിരുന്നു ഇന്നലെ രാത്രിയില്‍.
സുപ്രീം കോടതിയ്ക്കകത്തും പുറത്തും ചൂടായിരുന്നു ഇന്നലെ രാത്രിയില്‍. പൊടിക്കാറ്റ് അടങ്ങിയപ്പോള്‍ ഉയര്‍ന്ന ചൂട് പുറത്ത്. അകത്ത് തീപാറുന്ന വാദപ്രതിവാദങ്ങളുടെ ചൂട്. രാവിലെ കോടതി പിരിയുമ്പോഴും ചൂടാറിയിരുന്നില്ല.
പ്രമുഖ അഭിഭാഷകരാണ് കോടതിമുറിയില്‍ മുഖാമുഖം നിന്നത്. മനു അഭിഷേക് സിംഗ് വി, കെ കെ വേണുഗോപാല്‍, മുകുള്‍ രോത്തഗി, തുഷാര്‍ മേത്ത തുടങ്ങിയവര്‍.
ഗവര്‍ണര്‍ രാഷ്ട്രീയം കളിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുന്നുവെന്ന് വിമര്‍ശിച്ച് സിംഗ് വിയുടെ തുടക്കം. ഗോവയിലും മണിപ്പൂരിലും തെരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച സഖ്യങ്ങളെ കോടതി അംഗീകരിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് യെദിയൂരപ്പയെ വിളിച്ചത് റദ്ദാക്കണം. ഗവര്‍ണറുടെ തീരുമാനം ചോദ്യംചെയ്യാമെന്നും സിംഗ് വി.
ഇടയ്ക്കിടെ കോടതിയുടെ ഇടപെടല്‍. ഗവര്‍ണറുടെ തീരുമാനം ഇപ്പോള്‍ ചോദ്യം ചെയ്യാനാകുമോ? ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പയ്ക്ക് 15 ദിവസമെന്തിന്? ഇപ്പോള്‍ പരിശോധിക്കുന്നത് ഗവര്‍ണറുടെ തീരുമാനം മാത്രം. യെദിയൂരപ്പയെ ക്ഷണിക്കുന്ന ഗവര്‍ണറുടെ കത്ത് ആരും ഹാജരാക്കിയിട്ടില്ല.
സുപ്രീം കോടതി പാതിരാത്രി കൂടാന്‍ ഇവിടെ ആകാശം ഇടിഞ്ഞുവീണോ എന്ന് മുകുള്‍ റോത്തഗിയുടെ ആദ്യ ചോദ്യം. ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയില്‍. ഒപ്പം ഗവര്‍ണര്‍ക്ക് തടസ്സം നില്‍ക്കുന്നുവെന്ന വിമര്‍ശനവും.
ഗവര്‍ണറുടെ തീരുമാനത്തില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി കെ കെ വേണുഗോപാല്‍.
ഗവര്‍ണര്‍ക്ക് നിയമോപദേശം നല്കിയ റോത്തഗി തന്നെ ബി ജെ പി എം എല്‍ എമാര്‍ക്ക് വേണ്ടി ഹാജരാകുന്നത് ചോദ്യം ചെയ്ത് അഭിഷേക് സിംഗ് വി. ആര്‍ക്കു വേണ്ടി ഹാജരാകണമെന്ന് താന്‍ തീരുമാനിച്ചുകൊള്ളാമെന്ന് റോത്തഗിയുടെ മറുപടി. വാക്കുകള്‍ക്ക് മൂര്‍ച്ച കൂടിയപ്പോള്‍ അനുനയിപ്പിച്ച് കോടതി.
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് കൂറുമാറിയാല്‍ അയോഗ്യതയില്ലെന്ന വിചിത്രമായ വാദം കോടതിയ്ക്ക് മുന്നില്‍. കൂറുമാറ്റ നിയമം ഉദ്ദരിച്ച അഭിഷേക് സിംഗ് വിയുടെ മറുപടി. ശരിവെച്ച് കോടതിയും.
യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ തടയാന്‍ സാധിക്കില്ലെന്ന് മൂന്നംഗ ബഞ്ചിന്റെ വാക്കാലുള്ള ഉത്തരവ്. ഇതിനെ എതിര്‍ത്ത് അഭിഷേക് സിംഗ് വിയുടെ ശക്തമായ വാക്കുകള്‍. എതിര്‍ക്കാന്‍ റോത്തഗിയും. ഭൂരിപക്ഷം അവകാശപ്പെട്ട് യെദിയൂരപ്പ സമര്‍പ്പിച്ച കത്തിന്റെ ആധികാരികത ചോദ്യം ചെയ്ത്, സിംഗ്വിയുടെ വജ്രായുധം. അത് പരിശോധിച്ച് നാളെ തീരുമാനമെന്ന് കോടതിയും.