India
പശു വില്‍പ്പന ഓണ്‍ലൈനിലേക്ക്പശു വില്‍പ്പന ഓണ്‍ലൈനിലേക്ക്
India

പശു വില്‍പ്പന ഓണ്‍ലൈനിലേക്ക്

admin
|
1 Jun 2018 5:43 AM GMT

കശാപ്പ്നിരോധനം വന്നതോടെ പൊതു വിപണിയിലെ വില്‍പ്പനെയെക്കാള്‍ സുരക്ഷിതം ഓണ്‍ലൈനിലൂടെയുള്ള വില്‍പ്പനയാണെന്ന ചിന്ത വര്‍ധിച്ചു വരുന്നതായാണ് സൂചന.


കേന്ദ്ര സര്‍ക്കാരിന്‍റെ കശാപ്പ് നിരോധനം വന്നതോടെ ഓണ്‍ലൈനായി പശു വില്‍പ്പനക്ക് ഒരുങ്ങുന്നവരുടെ സംഖ്യയില്‍ ക്രമാതീതമായ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. വിവിധ ഇ-കൊമേഴ്സ് സൈറ്റുകളിലൂടെ നൂറു കണക്കിന് പശുക്കളെയാണ് വില്‍പ്പനക്ക് വച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലെ ഒരു ക്ഷീര കര്‍ഷകന്‍ ബ്രൌണ്‍ നിറത്തിലുള്ള തന്‍റെ നാടന്‍ പശുവിന് 75,000 രൂപയാണ് വില ഇട്ടിരിക്കുന്നതെന്ന് ഇന്ത്യ ടുഡൈ റിപ്പോര്‍ട്ട് ചെയ്തു. പശുവിനെ വാങ്ങാനാണെന്ന് പറഞ്ഞ് സമീപിച്ചപ്പോള്‍ ഒരു പ്രത്യേക ന്യൂനപക്ഷ വിഭാഗത്തിന് വില്‍ക്കില്ലെന്ന് ഉടമ അറിയിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

ഉത്തര്‍പ്രദേശിലെ തന്നെ ഖാസിപൂര്‍ നിവാസിയായ ഭീം സിങ് വിപണി വിലയില്‍ നിന്ന് 50 ശതമാനം വരെ വിലകുറച്ച് തന്‍റെ മൂന്ന് പശുക്കളെ വില്‍ക്കാനുള്ള സന്നദ്ധതയാണ് പ്രകടിപ്പിച്ചിട്ടുള്ളത്. പശുക്കളെ സൂക്ഷിക്കുന്നത് അപകടകരമാണെന്നും ഏത് നിമിഷവും ആരെങ്കിലും വന്ന് മര്‍ദിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള ആശങ്കയാണ് ഇയാള്‍ പങ്കുവച്ചത്.

പശുക്കളെ ഇ -കൊമേഴ്സ് സൈറ്റുകളിലൂടെ വിപണത്തിന് ഒരുങ്ങുന്നത് ഇതാദ്യമായല്ലെങ്കിലും വളര്‍ത്തു മൃഗങ്ങളുടെ പട്ടികയില്‍ ഒന്നോ രണ്ടോ എണ്ണം മാത്രമാണ് ഉണ്ടാകുക പതിവ്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റതോടെ ഇത് വര്‍ധിച്ചു. കശാപ്പ്നിരോധനം വന്നതോടെ പൊതു വിപണിയിലെ വില്‍പ്പനെയെക്കാള്‍ സുരക്ഷിതം ഓണ്‍ലൈനിലൂടെയുള്ള വില്‍പ്പനയാണെന്ന ചിന്ത വര്‍ധിച്ചു വരുന്നതായാണ് സൂചന.

Similar Posts