India
സാമ്പത്തിക പ്രതിസന്ധി ഓഹരി വിപണിയെയും ബാധിക്കുന്നുസാമ്പത്തിക പ്രതിസന്ധി ഓഹരി വിപണിയെയും ബാധിക്കുന്നു
India

സാമ്പത്തിക പ്രതിസന്ധി ഓഹരി വിപണിയെയും ബാധിക്കുന്നു

Jaisy
|
1 Jun 2018 4:38 PM GMT

വിപണിയില്‍ നിന്ന് ലാഭമെടുത്ത് പിന്‍മാറുകയാണ് വിദേശ നിക്ഷേപകര്‍

രാജ്യം കടന്നുപോകുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി ഓഹരി വിപണിയെയും ബാധിക്കുന്നു. വിപണിയില്‍ നിന്ന് ലാഭമെടുത്ത് പിന്‍മാറുകയാണ് വിദേശ നിക്ഷേപകര്‍. ആഭ്യന്തര നിക്ഷേപം ഉയര്‍ന്നിട്ടും വിപണി സൂചിക താഴേക്കാണ്. ഈ വര്‍ഷം ഇതുവരെ നിക്ഷേപകര്‍ക്ക് നഷ്ടമായത് 6.24 ലക്ഷം കോടി രൂപ.

ചരക്ക് സേവന നികുതി പ്രാബല്യത്തിലായ ജൂലൈ ഒന്നിന് ശേഷമാണ് ഇന്ത്യന്‍ വിപണി വില്‍പ്പന സമ്മര്‍ദത്തിലായത്. ജി എസ് ടി നടപ്പാക്കിയത് കമ്പോളത്തില്‍ മാന്ദ്യമുണ്ടാക്കിയതോടെ വിദേശ നിക്ഷേപകര്‍ ലാഭമെടുത്ത് പിന്‍മാറിത്തുടങ്ങി. ആഗസ്റ്റ് ആദ്യം മുതല്‍ സെപ്തംബര്‍ 25 വരെ 20,000 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകാര്‍ ഈ കാലയളവില്‍ 25,000 കോടിയോളം നിക്ഷേപിച്ചെങ്കിലും വിപണിയെ ഉയര്‍ത്തി നിര്‍ത്താന്‍ സഹായകമായില്ല. കഴിഞ്ഞ ബുധനാഴ്ച മാത്രം വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 856 കോടി രൂപയാണ്. ആഭ്യന്തര സ്ഥാപനങ്ങള്‍ 1858 കോടിയുടെ നിക്ഷേപം അന്ന് മാത്രം നടത്തിയെങ്കിലും സൂചിക ഇടിയുന്നത് തടയാനായില്ല. സൂചിക തുടര്‍ച്ചയായ ദിവസങ്ങളില്‍ താഴേക്ക് പോയത്, നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുമുണ്ട്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിയുന്നതും രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളും വിപണിയെ കൂടുതല്‍ ഉലയ്ക്കും.

പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്ന് അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പ്രഖ്യാപിച്ചത് വിപണിയെ ബാധിച്ചിട്ടുണ്ട്. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായാല്‍ അതും ഇന്ത്യന്‍ ഓഹരി വിപണിയെ ബാധിക്കും. ഇപ്പോഴത്തെ തിരിച്ചടി, വിപണിയിലെ തെറ്റുതിരുത്തലിന്റെ ഭാഗമാണെന്നും വൈകാതെ ഊര്‍ജം തിരിച്ചെടുക്കുമെന്നും വിലയിരുത്തലുണ്ട്.

Related Tags :
Similar Posts