കടുത്ത വിമര്‍ശനങ്ങള്‍ക്കിടെ നിര്‍ണായക ജിഎസ്‍ടി കൌണ്‍സില്‍ യോഗം തുടങ്ങി
|ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക മാറ്റങ്ങളില്‍ യോഗം തീരുമാനമെടുക്കും.
രാജ്യം സാമ്പത്തികമായി തളരുന്നുവെന്ന വിമര്‍ശം ശക്തമാകവെ ഡല്‍ഹിയില്‍ നിര്‍ണ്ണായക ജിഎസ്ടി കൌണ്‍സില്‍ യോഗം തുടങ്ങി. ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ചെറുകിട വ്യവസായികള്‍ക്ക് ഇളവ് അനുവദിക്കാന്‍ തീരുമാനമുണ്ടായേക്കും. ജി.എസ്.ടി നടപ്പാക്കിയ രീതി കയറ്റുമതി മേഖലയെ തകര്‍ത്തെന്ന് യോഗത്തിന് മുന്നോടിയായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ജിഎസ്ടി കൌണ്‍സില്‍ ചെയര്‍മാനും കേന്ദ്ര ധനമന്ത്രിയുമായ അരുണ്‍ജെയ്റ്റ്ലിയുടെ അധ്യക്ഷതയിലാണ് യോഗം. ജിഎസ്ടി മൂന്ന് മാസം പിന്നിടുമ്പോള്‍ സാമ്പത്തികമായി രാജ്യം തളര്‍ന്നുവെന്നും കയറ്റുമതി മേഖലക്ക് തിരിച്ചടി നേരിട്ടുവന്നുവെന്നും വിമര്‍ശം ശക്തമാണ്. ഇക്കാര്യം യോഗം പരിശോധിക്കും. 1.5 കോടി വരെ വാര്‍ഷിക വിറ്റുവരവുള്ള വ്യാപരികള്‍ക്കും ചെറുകിട വ്യവസായികള്‍ക്കും ജി എസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ ഇളവ് നല്‍കാനും തീരുമാനം ഉണ്ടായേക്കും. ജിഎസ്ടി നെറ്റ് വര്‍ക്ക് പൂര്‍ണ്ണമായും സജ്ജമാകാത്തത് കയറ്റുമതി മേഖലയെ തകര്‍ത്തെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു
പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിന് ഇവക്ക് മേല്‍ മോദി സര്‍ക്കാര്‍ ചുമത്തിയ അധിക നികുതി പൂര്‍ണമായും കുറക്കാന്‍ തയ്യാറാകണമെന്നും ഐസക് ആവശ്യപ്പെട്ടു. ജിഎസ്ടി ഒടുക്കുന്നതില്‍ വീഴ്ച വരുത്തുന്നുവരില്‍ നിന്ന് ഇക്കൊല്ലം പിഴ ഈടാക്കരുത് എന്നും റസ്റ്റോറന്‍റകളുടെ നികുതി ഒഴിവാക്കണമെന്നും കേരളം കൌണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെടും.