എംബിഎ പഠിച്ചാല്‍ ജോലി കിട്ടുമോ ? ശമ്പളം എത്ര ?
|പ്രതിവര്‍ഷം രാജ്യത്ത് എംബിഎ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ എണ്ണം എത്രയെന്ന് ഊഹിക്കാമോ ? ലക്ഷങ്ങള്‍ വരും ഇവരുടെ എണ്ണം.
പ്രതിവര്‍ഷം രാജ്യത്ത് എംബിഎ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ എണ്ണം എത്രയെന്ന് ഊഹിക്കാമോ ? ലക്ഷങ്ങള്‍ വരും ഇവരുടെ എണ്ണം. എന്നാല്‍ ഒരു കാലത്ത് ശോഭിച്ച് നിന്ന എംബിഎ ബിരുദധാരികള്‍ ഇന്ന് കടുത്ത പ്രതിസന്ധി നേരിടുകയാണ്. തൊഴിലവസരം കുത്തനെ കുറഞ്ഞതാണ് ഇതിനു കാരണം. കോഴ്സ് കഴിഞ്ഞ് ഇറങ്ങുന്നവരില്‍ പത്തു ശതമാനത്തില്‍ താഴെ മാത്രമാണ് ജോലി ലഭിക്കുന്നത്. ഇവരില്‍ തന്നെ ഉയര്‍ന്ന ശമ്പളം ലഭിക്കുന്നവര്‍ വിരലില്‍ എണ്ണാവുന്നത്ര മാത്രം. ശരാശരി എംബിഎ ജോലിക്കാര്‍ക്ക് ലഭിക്കുന്ന ശമ്പളം ഏകദേശം പതിനായിരം രൂപയില്‍ താഴെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ ഏറ്റവും മികച്ച 20 പ്രൊഫഷണല്‍ സ്കൂളുകളില്‍ പഠിച്ചവര്‍ ഒഴികെ മറ്റു സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സെല്‍ഫ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളില്‍ നിന്നു എംബിഎ കോഴ്സ് പൂര്‍ത്തിയാക്കുന്നവരില്‍ ഏഴു ശതമാനം പേര്‍ക്ക് മാത്രമാണ് അധികം അലയാതെ ജോലി കണ്ടെത്താന്‍ കഴിയുന്നത്. രണ്ടു വര്‍ഷത്തെ കോഴ്സ് പൂര്‍ത്തിയാക്കാന്‍ ഏകദേശം മൂന്നു മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് ഒരു വിദ്യാര്‍ഥിക്ക് ചെലവാകുക. എന്നാല്‍ കോഴ്സ് പൂര്‍ത്തിയാക്കി ജോലി ലഭിച്ചാല്‍ പ്രതിമാസ വേതനം 8000 രൂപ മുതല്‍ പതിനായിരം രൂപ വരെ മാത്രം. രാജ്യത്തെ ബി ക്ലാസ് സ്കൂളുകളില്‍ നിന്നു പഠിച്ചിറങ്ങുന്നവരാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. രജിസ്റ്റര്‍ ചെയ്ത 5500 ഓളം സാധാരണ ബിസിനസ് സ്കൂളുകളാണ് രാജ്യത്തുള്ളത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്വകാര്യ സ്ഥാപനങ്ങളുടെ എണ്ണം കൂടിയെടുത്താല്‍ ഇത് ആയിരങ്ങള്‍ പിന്നെയും കടക്കും.
ഇത്തരം സ്കൂളുകളില്‍ നിന്നു പഠിച്ചിറങ്ങുന്ന ബിരുദധാരികള്‍ക്ക് കോര്‍പ്പറേറ്റ് ലോകം പ്രതീക്ഷിക്കുന്ന നിലവാരത്തിലെത്താന്‍ കഴിയുന്നില്ല എന്നതാണ് തൊഴിലില്ലായ്മ കൂടാന്‍ പ്രധാന കാരണം. ഐഐഎമ്മിലും ഐഐടിയില്‍ നിന്നു പോലും പഠിച്ചിറങ്ങുന്നവരുടെ നിലവാരം കഴിഞ്ഞ 15 വര്‍ഷത്തിനിടെ താഴ്ന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മികച്ച അധ്യാപകരില്ലാത്തതും വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, അഹമ്മദാബാദ്, ലക്നോ, ഹൈദരാബാദ്, ഡെറാഡൂണ്‍ എന്നിവടങ്ങളിലായി 220 ബി സ്കൂളുകളാണ് അടച്ചുപൂട്ടിയത്. ഈ വര്‍ഷത്തോടെ 120 സ്കൂളുകള്‍ കൂടി പ്രവര്‍ത്തനം നിര്‍ത്തുമെന്നാണ് സൂചന.