കശ്മീരും റോഹിങ്ക്യന്‍ പ്രതിസന്ധിയും ഗുജറാത്തില്‍ പ്രചരണായുമാക്കി ബിജെപി
|തെരഞ്ഞെടുപ്പ് അടുക്കുതോറും പ്രചാരണം തീവ്ര ദേശീയതയിലേക്കും ഹിന്ദുത്വത്തിലേക്കും തിരിച്ച് വിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ പരാമര്‍ശങ്ങളെന്ന് വിലയിരുത്തപ്പെടുന്നു
89 മണ്ഡലങ്ങളിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ ഗുജറാത്തില്‍ പ്രചാരണം കനക്കുകയാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കഴിഞ്ഞ രണ്ടാഴ്ചയായി ഗുജ്റാത്തില്‍ ക്യാമ്പ് ചെയ്താണ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കാശ്മീരിന് സ്വയംഭരണാധികാരം നല്‍കണമെന്ന പി ചിദംബരത്തിന്റെ അഭിപ്രായത്തോടുള്ള നിലപാടെന്തെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്ന് ഭാവ്നഗറിലെ റാലിയില്‍ ഷാ പറഞ്ഞു. റോഹിങ്ക്യന്‍ മുസ്ലിംകളെ രാജ്യത്തേക്ക് കടത്തി വിടണമെന്ന ശശി തരൂരിന്റെ നിലപാടിനോടും രാഹുലിന് യോജിപ്പാണോയെന്നും ഷാ ചോദിച്ചു.
തെരഞ്ഞെടുപ്പ് അടുക്കുതോറും പ്രചാരണം തീവ്ര ദേശീയതയിലേക്കും ഹിന്ദുത്വത്തിലേക്കും തിരിച്ച് വിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ പരാമര്‍ശങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 27നും, 29നും ഗുജറാത്തിലെത്തും. ജിഎസ്ടി വിഷയത്തില്‍ ബിജെപി കനത്ത വെല്ലുവിളി നേരിടുന്ന സൂറത്ത് ഉള്‍പ്പെടേയുള്ള ദക്ഷിണ ഗുജറാത്തിലും, പട്ടേല്‍ സ്വാധീന മേഖലയായ സൗരാഷ്ട്രയിലുമായി എട്ട് റാലികളില്‍ പ്രധാനമന്ത്രി സംസാരിക്കും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ നാളെ പോര്‍ബന്ദറിലാണ് പ്രചാരണം ആരംഭിക്കുക. രാവിലെ പോര്‍ബന്ദറിലെ മത്സ്യത്തൊഴിലാളികളോട് ആശയവിനിമയം നടത്തുന്ന രാഹുല്‍ വൈകിട്ട് അഹമ്മദാബാദില്‍ ദളിത് സ്വാഭിമാന്‍ സഭയെ അഭിസംബോധന ചെയ്യും.