മുസ്ലിംകളെ ഇഷ്ടമാണെന്ന വാട്സ് അപ്പ് സന്ദേശത്തിന്റെ പേരില്‍ മാനസിക പീഡനം; യുവതി ആത്മഹത്യ ചെയ്തു
|മുസ്ലിംകളെ ഇഷ്ടമാണെന്ന് വാട്സ് അപ്പില്‍ സന്ദേശമയച്ചതിന് ബിജെപി യുവ നേതാക്കളിൽ നിന്നും മാനസിക പീഡനം നേരിടേണ്ടിവന്ന യുവതി ആത്മഹത്യ ചെയ്തു.
മുസ്ലിംകളെ ഇഷ്ടമാണെന്ന് വാട്സ് അപ്പില്‍ സന്ദേശമയച്ചതിന് ബിജെപി യുവ നേതാക്കളിൽ നിന്നും മാനസിക പീഡനം നേരിടേണ്ടിവന്ന യുവതി ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ ചിക്കമഗലൂരുവില്‍ 20 വയസ്സുകാരിയായ ധന്യശ്രീയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ബിജെപിയുടെ പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സന്തോഷ് എന്ന സുഹൃത്തുമായി വാട്സ് അപ്പില്‍ ചാറ്റ് ചെയ്യുമ്പോഴാണ് 'ഞാന്‍ മുസ്ലിംകളെ ഇഷ്ടപ്പെടുന്നു' എന്ന സന്ദേശം ധന്യശ്രീ അയച്ചത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ തമ്മില്‍ത്തല്ലുന്നതിനെ കുറിച്ച് ഇരുവരും തമ്മില്‍ നടന്ന തര്‍ക്കത്തിനിടെയാണ് ഈ സന്ദേശം ധന്യശ്രീ അയച്ചത്. തുടര്‍ന്ന് രോഷാകുലനായ സന്തോഷ് മുസ്ലിംകളുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് ധന്യശ്രീയെ താക്കീത് ചെയ്തു. ധന്യയുടെ വാക്കുകള്‍ സന്തോഷ് സ്ക്രീന്‍ ഷോട്ട് സഹിതം സ്ഥലത്തെ വിച്ച്പി, ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
ബിജെപിയുടെ യുവജന വിഭാഗം നേതാവ് അനില്‍രാജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീട്ടിലെത്തി ധന്യയെയും അമ്മയെയും ഭീഷണിപ്പെടുത്തി. മുസ്ലിംകളോട് ഒരു വിധത്തിലുള്ള സൌഹൃദവും പാടില്ലെന്ന് താക്കീത് ചെയ്തു. വാട്സ് അപ്പ് സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ ധന്യയ്ക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. അടുത്ത ദിവസം ധന്യശ്രീയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങള്‍ തന്റെ വ്യക്തിജീവിതത്തെയും വിദ്യാഭ്യാസത്തെയും ബാധിച്ചെന്ന ധന്യയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി.
അനില്‍ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. സന്തോഷിനെയും വേറെ മൂന്ന് പേരെയും കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ നടത്തുകയാണ്. വാട്സ് അപ് സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് എസ്പി എം അണ്ണാമലെ പറഞ്ഞു.