20 ആംആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
|അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ നല്കിയ പരാതിയിലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയുണ്ടായിരിക്കുന്നത്. എംഎല്‍എയെന്ന പദവിക്കൊപ്പം പാര്‍ലമെന്ററി സെക്രട്ടറിമാരായും തുടരുന്നത് ഇരട്ടപദവിയാണെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം
ഡല്‍ഹിയിലെ 20 ആംആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രപതിയെ സമീപിച്ചു. വരുമാനമുള്ള ഇരട്ടപ്പദവി വഹിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ. തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ആംആദ്മി പാര്‍ട്ടി അറിയിച്ചു.
2015ലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ആംആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ക്കെതിരെ ഇരട്ടപദവി ആരോപണം ഉയര്‍ന്നത്. അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ നല്കിയ പരാതിയിലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയുണ്ടായിരിക്കുന്നത്. എംഎല്‍എയെന്ന പദവിക്കൊപ്പം പാര്‍ലമെന്ററി സെക്രട്ടറിമാരായും തുടരുന്നത് ഇരട്ടപദവിയാണെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. ഹരജി തള്ളണമെന്ന ആപ് എംഎല്‍എമാരുടെ അപേക്ഷ 2017 ജൂണില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളിയിരുന്നു. എംഎല്‍എമാരെ രാഷ്ട്രപതി അയോഗ്യരാക്കിയാല്‍ ഡല്‍ഹിയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും.