India
യുപിയിലെ കാസ്ഗഞ്ച് അശാന്തം; 112 പേര്‍ അറസ്റ്റില്‍യുപിയിലെ കാസ്ഗഞ്ച് അശാന്തം; 112 പേര്‍ അറസ്റ്റില്‍
India

യുപിയിലെ കാസ്ഗഞ്ച് അശാന്തം; 112 പേര്‍ അറസ്റ്റില്‍

Sithara
|
1 Jun 2018 10:51 PM GMT

കാസ്ഗഞ്ചില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം നാലാം ദിവസത്തിലേക്ക് കടന്നെങ്കിലും പൂര്‍ണമായും തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല

സാമുദായിക സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ സ്ഥിതിഗതികള്‍ അശാന്തം. ഇതുവരെ 112 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് പൊലീസിന്റെ അവകാശവാദം.

കാസ്ഗഞ്ചില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം നാലാം ദിവസത്തിലേക്ക് കടന്നെങ്കിലും പൂര്‍ണമായും തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല. പ്രദേശത്തെ വീടുകളില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ആക്രമണങ്ങളില്‍ ഇതുവരെ 112 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ 31 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 81 പേര്‍ മുന്‍കരുതല്‍ തടങ്കലിലാണ്. ഇതുവരെ വിവിധ വകുപ്പുകള്‍ പ്രകാരം 5 കേസുകള്‍ രേഖപ്പെടുത്തി.

സ്ഥിതി നിയന്ത്രണ വിധേയമാകുന്നുണ്ടെന്നും മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തനം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. പ്രദേശം നിരീക്ഷിക്കുന്നതിനായി മൂന്ന് ഡ്രോണ്‍ ക്യാമറകളും വിന്യസിച്ചു. അക്രമം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മൂന്ന് കടകളും രണ്ട് സ്വകാര്യ ബസുകളും ഒരു കാറും അക്രമികള്‍ തകര്‍ത്തിരുന്നു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചന്ദന്‍ ഗുപ്തയുടെ കുടുംബത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തിരങ്ക യാത്ര എന്ന പേരില്‍ അനുമതിയില്ലാതെ നടത്തിയ ബൈക്ക് റാലിക്കിടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. സംഘര്‍ഷത്തിനിടെ വെടിയേറ്റാണ് 22 കാരനായ ചന്ദന്‍ ഗുപ്ത മരിച്ചത്.

Similar Posts